കനത്ത മഴ: വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

തൃശ്ശൂർ: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയ്ക്കിടയിൽ തൃശ്ശൂർ മണലൂരിൽ വീടിന് മുകളിൽ മരം വീണ് യുവാവ് മരിച്ചു. മണലൂർ സ്വദേശി തൃഷ്ണത്ത് വീട്ടിൽ വിഷ്ണു (27) ആണ് മരിച്ചത്. ഇന്ന് (ശനിയാഴ്ച) രാവിലെ ആറുമണിയോടെയായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്.
അപകടത്തിന് തലേദിവസം തന്നെ ഇവർ താമസിക്കുന്ന ഓടിട്ട വീടിന് മുകളിലേക്ക് മരം ചാഞ്ഞു നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേത്തുടർന്ന് മുൻകരുതലെന്നോണം വിഷ്ണുവിന്റെ അമ്മ വള്ളിയമ്മയെ ഇന്നലെത്തന്നെ സമീപത്തെ വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. എന്നാൽ വിഷ്ണു ഈ വീട്ടിൽത്തന്നെ തുടരുകയായിരുന്നു.
ഇന്ന് രാവിലെ പെയ്ത കനത്ത മഴയിലാണ് മരം വിഷ്ണു കിടന്നിരുന്ന മുറിയുടെ മുകളിലേക്ക് ഒടിഞ്ഞുവീണത്. അപകടവിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. തകർന്നുവീണ മരം മുറിച്ചുമാറ്റിയാണ് വിഷ്ണുവിനെ പുറത്തെടുക്കാനായത്. ഉടൻ തന്നെ തൃശ്ശൂർ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അതേസമയം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിതീവ്ര മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുതുക്കി നൽകിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ടും പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്.

