ആങ്ക്ലൈസിംഗ് സ്പോണ്ടിലൈറ്റിസ് രോഗികൾക്ക് ചികിത്സാ പ്രതിസന്ധി; ആരോഗ്യ മന്ത്രിക്ക് നിവേദനം

തൃശ്ശൂർ: ആങ്ക്ലൈസിംഗ് സ്പോണ്ടിലൈറ്റിസ് രോഗികൾ സംസ്ഥാനത്ത് കടുത്ത ചികിത്സാ പ്രതിസന്ധി നേരിടുന്നതായി ചൂണ്ടിക്കാട്ടി ആങ്ക്ലൈസിംഗ് സ്പോണ്ടിലൈറ്റിസ് ഇന്ത്യൻ ഫെഡറേഷൻ (ASIF) നാഷണൽ കോർഡിനേറ്റർ സൈജോ കണ്ണനായ്കൽ ആരോഗ്യ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.
കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ (KSSM) വഴി മുമ്പ് ലഭിച്ചിരുന്ന അത്യാവശ്യ ബയോളജിക്കൽ ഇഞ്ചക്ഷനുകൾ നിലവിൽ മെഡിക്കൽ കോളേജുകൾ വഴി യഥാസമയം ലഭിക്കുന്നില്ലെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇതുമൂലം നൂറുകണക്കിന് രോഗികൾ ചികിത്സ മുടങ്ങുന്ന സാഹചര്യം നേരിടുകയാണെന്നും കനത്ത സാമ്പത്തിക ബാധ്യത കാരണം സ്വകാര്യ മേഖലയെ ആശ്രയിക്കാനും പലർക്കും കഴിയുന്നില്ലെന്നും പരാതിയിൽ പറയുന്നു.
അത്യാവശ്യ ഇഞ്ചക്ഷൻ വിതരണം അടിയന്തരമായി പുനരാരംഭിക്കണമെന്നും, ഇതിനുള്ള സാങ്കേതിക തടസ്സങ്ങൾ നീക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ, ഡോ. ജിജിത്ത് കൃഷ്ണൻ തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്ന് സ്ഥലംമാറ്റപ്പെട്ടത് രോഗികൾക്ക് വലിയ തിരിച്ചടിയായതായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അദ്ദേഹത്തെ വീണ്ടും തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിയമിക്കണമെന്നും ആവശ്യപ്പെട്ടു.
നിലവിൽ ആഴ്ചയിൽ ഒരു ദിവസം മാത്രമുള്ള റുമാറ്റോളജി ഒ.പി സേവനം രോഗികളുടെ എണ്ണം കണക്കിലെടുത്ത് അപര്യാപ്തമാണെന്നും, കുറഞ്ഞത് ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും റുമാറ്റോളജി ഒ.പി പ്രവർത്തിക്കുന്ന സംവിധാനം ഒരുക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.
രോഗികളുടെ ജീവൻ രക്ഷിക്കാനും സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയ്ക്കാനും ആരോഗ്യ വകുപ്പ് അടിയന്തരമായി ഇടപെട്ട് പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് സൈജോ കണ്ണനായ്കൽ ആവശ്യപ്പെട്ടു.
നിവേദനത്തിന്റെ പകർപ്പ് മുഖ്യമന്ത്രി, ഗവർണർ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ, തൃശ്ശൂർ മെഡിക്കൽ കോളേജ് സൂപ്രണ്ട് എന്നിവർക്കും നൽകിയിട്ടുണ്ട്.

