തൃശ്ശൂർ മെഡിക്കൽ കോളേജിൽ റുമറ്റോളജി സേവനം പുനഃസ്ഥാപിക്കണം; വാതരോഗികളുടെ ജീവൻ വെച്ച് പരീക്ഷിക്കരുത്: സൈജോ കണ്ണനായ്ക്കൽ

തൃശ്ശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ റുമറ്റോളജി (വാതരോഗ ചികിത്സാ) ഒ.പി. സേവനം നിലയ്ക്കുന്ന സാഹചര്യം തൃശ്ശൂർ, പാലക്കാട്, മലപ്പുറം, ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിലെ നൂറുകണക്കിന് വാതരോഗികളെ ഗുരുതര പ്രതിസന്ധിയിലാക്കുമെന്ന് ആങ്കിലോസിംഗ് സ്പോണ്ടിലൈറ്റിസ് ഇന്ത്യൻ ഫെഡറേഷൻ ദേശീയ കോഡിനേറ്റർ സൈജോ കണ്ണനായ്ക്കൽ ആരോപിച്ചു.
ആഴ്ചയിൽ ഒരിക്കൽ മാത്രം പ്രവർത്തിക്കുന്ന ഒ.പി.യിൽ ഓരോ പ്രവർത്തനദിവസവും 200-ലധികം രോഗികളാണ് ചികിത്സയ്ക്കും തുടർപരിശോധനകൾക്കുമായി എത്തുന്നത്. ആങ്കിലോസിംഗ് സ്പോണ്ടിലൈറ്റിസ് ഉൾപ്പെടെയുള്ള സങ്കീർണ വാതരോഗങ്ങളുള്ളവർക്ക് രോഗത്തിന്റെ തീവ്രത വിലയിരുത്തുന്നതും മരുന്നുകളുടെ ഡോസ് നിർണയിക്കുന്നതും ചികിത്സയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതും റുമറ്റോളജി വിദഗ്ധർക്ക് മാത്രമേ സുരക്ഷിതമായും ശാസ്ത്രീയമായും നിർവഹിക്കാൻ കഴിയൂ. ഈ സേവനം തടസ്സപ്പെടുന്നത് രോഗികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ആയിരക്കണക്കിന് രോഗികളുടെ പ്രധാന ആശ്രയകേന്ദ്രമാണ് തൃശ്ശൂർ മെഡിക്കൽ കോളേജ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി രോഗികൾ സ്വകാര്യ ആശുപത്രികളിലെ ചെലവേറിയ ചികിത്സ താങ്ങാൻ പ്രാപ്തരല്ലാത്തതിനാൽ സർക്കാർ മെഡിക്കൽ കോളേജിനെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിൽ റുമറ്റോളജി ഒ.പി. പ്രവർത്തനം നിലയ്ക്കുന്നത് രോഗികളുടെ ചികിത്സ മുടങ്ങാനും രോഗം വഷളാകാനും ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൃശ്ശൂർ മെഡിക്കൽ കോളേജിൽ ആഴ്ചയിൽ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും റുമറ്റോളജിസ്റ്റിന്റെ സേവനം ലഭ്യമാകേണ്ട സാഹചര്യമാണുള്ളത്. എന്നാൽ ഒരു റുമറ്റോളജിസ്റ്റിനെ പോലും സ്ഥിരമായി നിയമിക്കുകയോ അനുവദിക്കുകയോ ചെയ്യാത്തത് രോഗികളോടുള്ള കടുത്ത അവഗണനയും അനീതിയുമാണ്. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം മെഡിക്കൽ കോളേജുകളിൽ റുമറ്റോളജി സേവനം ലഭ്യമാകുമ്പോൾ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ആവശ്യമായ വിദഗ്ധ ഡോക്ടറെ നിയമിക്കാത്തത് യാതൊരു ന്യായീകരണവുമില്ലാത്ത തീരുമാനമാണെന്നും അദ്ദേഹം വിമർശിച്ചു.
റുമറ്റോളജി വിഭാഗത്തിൽ സ്ഥിരം വിദഗ്ധ ഡോക്ടറെ അടിയന്തരമായി നിയമിച്ച് ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഒ.പി. സേവനം ഉറപ്പാക്കുകയും നിലവിലെ ചികിത്സ മുടങ്ങാതെ തുടരാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തുകയും വേണമെന്ന് സൈജോ കണ്ണനായ്ക്കൽ ആവശ്യപ്പെട്ടു.



