സംഘപരിവാർ അനുകൂലിയുടെ വീട്ടിലെത്തി പിറന്നാൾ ആശംസിച്ച് രമേശ് ചെന്നിത്തല; സാമൂഹിക മാധ്യമങ്ങളിൽ വിമർശനം

തിരുവനന്തപുരം: ചാനൽ ചർച്ചകളിലൂടെ സംഘപരിവാർ അനുകൂല നിലപാടുകൾ അവതരിപ്പിക്കുന്ന ശ്രീജിത് പണിക്കറുടെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ വീട്ടിലെത്തി ആശംസ അറിയിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ശ്രീജിത് പണിക്കർ തന്നെയാണ് സന്ദർശന വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ ചിത്രസഹിതം പങ്കുവെച്ചത്.
‘പിറന്നാൾ ദിനത്തിൽ ആശംസകളുമായി ഒരു അപ്രതീക്ഷിത അതിഥി വീട്ടിൽ വന്നപ്പോൾ’ എന്ന അടിക്കുറിപ്പോടെയാണ് ശ്രീജിത് പണിക്കർ പോസ്റ്റ് പങ്കുവെച്ചത്. ചിത്രത്തിൽ രമേശ് ചെന്നിത്തലയും ശ്രീജിത് പണിക്കറും ഒരുമിച്ച് നിൽക്കുന്നതാണ് കാണുന്നത്.
സംഭവം പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്. ചാനൽ ചർച്ചകളിൽ ഹിന്ദുത്വ രാഷ്ട്രീയത്തിനും സംഘപരിവാർ നിലപാടുകൾക്കും അനുകൂലമായി സംസാരിക്കുന്ന വ്യക്തിയെ സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രി നേരിട്ട് സന്ദർശിച്ചതിനെതിരെ നിരവധി പേരാണ് പ്രതികരിക്കുന്നത്.
അതേസമയം, കോൺഗ്രസും സംഘപരിവാർ നേതൃത്വവും തമ്മിലുള്ള രാഷ്ട്രീയ അടുപ്പത്തിന്റെ സൂചനയാണ് ഈ സന്ദർശനമെന്ന വിമർശനവും ചിലർ ഉന്നയിക്കുന്നു. മറുവശത്ത്, ഇത് വ്യക്തിപരമായ സൗഹൃദസന്ദർശനം മാത്രമാണെന്നും രാഷ്ട്രീയമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അഭിപ്രായപ്പെടുന്നവരും സാമൂഹിക മാധ്യമങ്ങളിൽ രംഗത്തുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.

