അട്ടപ്പാടിയിലെ ആദിവാസി ഉന്നതികളിലെ മൂന്ന് മൊബൈൽ ക്ലിനിക്കുകളുടെ സേവനം നിലച്ചു; ചികിത്സാ സൗകര്യങ്ങൾ പ്രതിസന്ധിയിൽ

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി ഉന്നതികളിൽ ആരോഗ്യസേവനം ലഭ്യമാക്കിയിരുന്ന മൂന്ന് മൊബൈൽ മെഡിക്കൽ ക്ലിനിക്കുകളുടെ പ്രവർത്തനം ഫണ്ടില്ലെന്ന കാരണത്താൽ അവസാനിപ്പിച്ചതായി റിപ്പോർട്ട്. ഇതോടെ വിദൂര ഉന്നതികളിലെ ആദിവാസി കുടുംബങ്ങൾക്ക് ലഭിച്ചിരുന്ന പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്. ആരോഗ്യവകുപ്പിന് കീഴിൽ പ്രവർത്തിച്ചിരുന്ന മറ്റ് രണ്ട് മൊബൈൽ യൂണിറ്റുകളുടെ സേവനവും പരിമിതപ്പെടുത്തിയതായി ആക്ഷേപമുണ്ട്.
ദേശീയ ആരോഗ്യദൗത്യത്തിന് (എൻ.എച്ച്.എം.) കീഴിൽ ആംബുലൻസ് സംവിധാനത്തോടെയാണ് മൂന്ന് മൊബൈൽ ക്ലിനിക്കുകളും പ്രവർത്തിച്ചിരുന്നത്. ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യൻ എന്നിവരുടെ സേവനമുണ്ടായിരുന്ന ഈ യൂണിറ്റുകൾ മിനി ആശുപത്രികൾക്ക് സമാനമായാണ് പ്രവർത്തിച്ചിരുന്നത്. ഷോളയൂർ, പുതൂർ, ആനക്കട്ടി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് കീഴിൽ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്താണ് മൊബൈൽ ക്ലിനിക്കുകൾ സജ്ജമാക്കിയത്.
സിക്കിൾ സെൽ അനീമിയ ഉൾപ്പെടെ 32 ഇനം ലബോറട്ടറി പരിശോധനകൾ നടത്താനുള്ള സൗകര്യം ക്ലിനിക്കുകളിലുണ്ടായിരുന്നു. പ്രാഥമിക രോഗനിർണയം, ഗർഭിണികളുടെയും കുട്ടികളുടെയും ആരോഗ്യപരിശോധന, പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ കണ്ടെത്തൽ, നവജാത ശിശുക്കളുടെ പരിശോധന എന്നിവയും നടത്തിയിരുന്നു. പ്രമേഹം, രക്തസമ്മർദം, കൊളസ്‌ട്രോൾ എന്നിവ പരിശോധിക്കുന്നതിനൊപ്പം രോഗലക്ഷണങ്ങളുള്ളവർക്ക് ആവശ്യമായ മരുന്നുകൾ നൽകുകയും വിദഗ്ധ ചികിത്സ വേണ്ടവരെ അതിനായി നിർദേശിക്കുകയും ചെയ്തിരുന്നു.
വിവിധ സ്ഥാപനങ്ങളിൽനിന്ന് കരാർ അടിസ്ഥാനത്തിൽ ആംബുലൻസുകൾ എത്തിച്ചാണ് ക്ലിനിക്കുകൾ പ്രവർത്തിപ്പിച്ചിരുന്നത്. അട്ടപ്പാടിയിലെ 33 വിദൂര ഉന്നതികളിലായിരുന്നു പ്രധാനമായും സേവനം ലഭ്യമാക്കിയിരുന്നത്. ഓരോ മാസവും മുൻകൂട്ടി യാത്രാപാതയും സമയക്രമവും തയ്യാറാക്കി, ഊരുകളിലെ താമസക്കാരെ അറിയിച്ച ശേഷമായിരുന്നു മെഡിക്കൽ സംഘം പരിശോധനയ്ക്കായി എത്തിയിരുന്നത്. വിദൂര പ്രദേശങ്ങളിലെ ആദിവാസി കുടുംബങ്ങൾക്ക് ആശുപത്രികളിലെത്താനുള്ള യാത്രാപ്രയാസം കുറയ്ക്കുന്നതിൽ ഈ സംവിധാനം സഹായകരമായിരുന്നു.
അതേസമയം, ആരോഗ്യവകുപ്പിന് കീഴിൽ ഫാർമസിസ്റ്റിന്റെ സേവനത്തോടെ പ്രവർത്തിച്ചിരുന്ന മറ്റ് രണ്ട് മൊബൈൽ യൂണിറ്റുകളുടെ പ്രവർത്തനസമയവും വെട്ടിക്കുറച്ചതായി ആക്ഷേപമുണ്ട്. ഉച്ചയ്ക്ക് 12 മുതൽ രണ്ടുവരെ മാത്രമായി സേവനം പരിമിതപ്പെടുത്തിയെന്നാണ് പരാതി. ഒരു യൂണിറ്റിലെ ഫാർമസിസ്റ്റിനെ സ്ഥലംമാറ്റിയശേഷം പകരം ജീവനക്കാരനെ നിയമിച്ചില്ലെന്നും ആരോപണമുണ്ട്.
അതിരാവിലെ തന്നെ വിദൂര ഉന്നതികളിലെത്തിയാൽ മാത്രമേ ഇത്തരം മൊബൈൽ യൂണിറ്റുകളുടെ സേവനം ഫലപ്രദമായി ലഭ്യമാക്കാൻ കഴിയൂവെന്നാണ് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നത്. പ്രവർത്തനസമയം കുറച്ചതും ജീവനക്കാരുടെ കുറവും മൂലം ആരോഗ്യസേവനം ലക്ഷ്യത്തിലെത്തുന്നില്ലെന്നാണ് ഉയരുന്ന പരാതി.
മൊബൈൽ ക്ലിനിക്കുകളുടെ പ്രവർത്തനം അവസാനിപ്പിച്ചതിന് പിന്നിലെ സാമ്പത്തികവും ഭരണപരവുമായ കാരണങ്ങൾ സംബന്ധിച്ച ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല. സേവനം പുനഃസ്ഥാപിക്കുന്നതിനും പ്രവർത്തനസമയം കുറച്ച യൂണിറ്റുകൾ പഴയ നിലയിൽ പ്രവർത്തിപ്പിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്

