ആറ് വയസുകാരിയെ പട്ടിണിക്കിട്ടും മർദിച്ചും കൊന്ന കേസ്: അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവ്
കൊച്ചി: കോഴിക്കോട് ആറുവയസുകാരി അദിതി കൊല്ലപ്പെട്ട കേസില്‍ അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവ് ശിക്ഷ. അച്ഛന്‍ സുബ്രഹ്‌മണ്യന്‍ നമ്പൂതിരി, രണ്ടാനമ്മ റംല ബീഗം എന്ന ദേവിക അന്തര്‍ജനം എന്നിവരെ വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി റദ്ദാക്കിയാണ് ഹൈക്കോടതിയുടെ ശിക്ഷാവിധി. പ്രതികള്‍ രണ്ട് ലക്ഷം രൂപ വീതം പിഴയൊടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി.2013 ഏപ്രില്‍ 13നാണ് കേസിനാസ്പദമായ സംഭവം. അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂര പീഡനത്തെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടി മരിച്ചത്. കൊലപാതകക്കുറ്റം അനുസരിച്ചാണ് ഇരുവര്‍ക്കും ജീവപര്യന്തം ശിക്ഷ നല്‍കിയത്. വിചാരണ കോടതിവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ശരിവെച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ലെന്നും വധശിക്ഷ നല്‍കേണ്ടതില്ലെന്നും നിരീക്ഷിച്ചാണ് ജസ്റ്റിസുമാരായ വി രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ ശിക്ഷാവിധി. അദിതിയേയും പത്ത് വയസുകാരനായ സഹോദരനെയും പ്രതികള്‍ ദീര്‍ഘകാലം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍. കുട്ടിയെ അച്ചടക്കം പഠിപ്പിക്കാനാണ് ശിക്ഷിച്ചതെന്ന വിചാരണക്കോടതിയുടെ കണ്ടെത്തല്‍ തെറ്റാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുട്ടി അതിക്രൂരമായ പീഡനത്തിനാണ് ഇരയായതെന്നും ഹൈക്കോടതി കണ്ടെത്തി.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് കുട്ടിയുടെ ശരീരത്തില്‍ 19 മുറിവുകള്‍ ഉണ്ടായിരുന്നു. വയറിലേറ്റ അതിശക്തമായ മര്‍ദനമാണ് മരണത്തിന് കാരണമായത്. കുട്ടികളെ വീട്ടില്‍ പൂട്ടിയിട്ട് സ്വകാര്യഭാഗങ്ങളിലടക്കം തിളച്ചവെള്ളം ഒഴിക്കുകയും ചൂരല്‍കൊണ്ട് അടിക്കുകയും പട്ടിണിക്കിടുകയും പതിവായിരുന്നു. അയല്‍വാസികളും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും വീട്ടിലേക്ക് വരാതിരിക്കാന്‍ നായ്ക്കളെ അഴിച്ചുവിട്ടിരുന്നു. ഇക്കാര്യങ്ങള്‍ അന്വേഷണത്തില്‍ വ്യക്തമായതായും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി
TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."