വോട്ട് വെട്ടാനുള്ള ശ്രമം പരാജയം; കൃഷ്ണകുമാറിനും ഭാര്യയ്ക്കുമെതിരെ വി.എസ്. സിനിയുടെ ആരോപണം

പാലക്കാട്: തന്റെ വോട്ട് വെട്ടാനുള്ള ശ്രമത്തിന് പിന്നിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ നഗരസഭ കൗൺസിലറുമായ സി. കൃഷ്ണകുമാറും നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ മിനി കൃഷ്ണകുമാറുമാണെന്നാരോപിച്ച് വി.എസ്. സിനി രംഗത്ത്. മിനി കൃഷ്ണകുമാർ സിനിയുടെ സഹോദരിയുമാണ്.
പാലക്കാട് നഗരസഭയിലെ 16-ാം വാർഡ് അയ്യപുരം ഈസ്റ്റിലെ വോട്ടറായ സിനി, വോട്ട് ചേർക്കാൻ നൽകിയ വീടിന്റെ വിലാസം വ്യാജമാണെന്ന് മിനി കൃഷ്ണകുമാർ ജില്ലാ ജോയിന്റ് ഡയറക്ടറോട് പരാതി നൽകിയിരുന്നു. സിനിയുടെ അമ്മയും മകനും ഉൾപ്പെടെ താമസിക്കുന്ന ഈ വീട് മിനിയുടെ ഉടമസ്ഥതയിലുള്ളതാണ്. വീടിന്റെ ഉടമസ്ഥതയെക്കുറിച്ച് ഹൈക്കോടതിയിൽ കേസ് തുടരുകയുമാണ്.
വീടിന്റെ വിലാസം തന്റെ അനുവാദമില്ലാതെ ഉപയോഗിച്ചെന്നാണ് മിനിയുടെ പരാതിയിൽ പറഞ്ഞിരുന്നത്. കഴിഞ്ഞ മാസം 27നാണ് പരാതി നൽകിയത്. തുടർന്ന് സിനിയെ ഹിയറിംഗിന് വിളിക്കുകയും അദ്ദേഹം രേഖകൾ ഹാജരാക്കുകയും ചെയ്തു. തെളിവുകൾ പരിശോധിച്ച ജില്ലാ ജോയിന്റ് ഡയറക്ടർ സിനിയുടെ പേര് വോട്ടർ പട്ടികയിൽ തുടരണം എന്ന് ഉത്തരവിട്ടു.
സി. കൃഷ്ണകുമാർ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് താൻ നേരത്തെ ബിജെപി നേതൃത്വത്തിനും ആർഎസ്എസ് ഭാരവാഹികൾക്കും നൽകിയ പരാതിയ്ക്ക് പ്രതികാരമായാണ് വോട്ട് വെട്ടാനുള്ള നീക്കമെന്ന് സിനി ആരോപിച്ചു.
ജോയിന്റ് ഡയറക്ടറുടെ തീരുമാനത്തിനെതിരെ മിനി കൃഷ്ണകുമാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി പരാതി തള്ളുകയായിരുന്നു.


1 comment
😌