അട്ടപ്പാടിയിൽ ഭവാനി പുഴയിൽ രണ്ട് ചാക്കുകളിൽ ശരീരഭാഗങ്ങൾ; ദുരൂഹത, പൊലീസ് അന്വേഷണം ഊർജിതം

പാലക്കാട്: അട്ടപ്പാടി ചീരക്കടവിൽ ഭവാനി പുഴയിൽ രണ്ട് ചാക്കുകളിലായി കെട്ടിയ നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തിയത് പ്രദേശത്ത് ആശങ്കയും ദുരൂഹതയും ഉയർത്തി. സംഭവത്തിൽ പുതൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
പശുവിനെ മേയ്ക്കാൻ പോയവരാണ് പുഴയിൽ സംശയാസ്പദമായ നിലയിൽ ചാക്കുകൾ കണ്ടെത്തിയത്. സംശയം തോന്നിയതിനെ തുടർന്ന് ഇവർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പുതൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കണ്ടെത്തിയ ശരീരഭാഗങ്ങൾക്ക് കുറഞ്ഞത് നാല് ദിവസത്തെ പഴക്കമുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശരീരഭാഗങ്ങൾ ആരുടേതാണെന്നും എങ്ങനെയാണ് ഇവ പുഴയിൽ എത്തിയതെന്നുമുള്ള കാര്യങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല.
സംഭവത്തിന് പിന്നിൽ കുറ്റകൃത്യമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ശരീരഭാഗങ്ങളുടെ തിരിച്ചറിയലിനും സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനുമായി വിശദമായ പരിശോധനകൾ പുരോഗമിക്കുകയാണ്.
കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനൊപ്പം പ്രദേശത്തും പരിസരപ്രദേശങ്ങളിലും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.


