വ്യാജ വോട്ട് പരാതി: സുരേഷ് ഗോപിക്കെതിരായ ഹരജിയിൽ ബിഎൽഒയ്ക്ക് കോടതി നോട്ടീസ്; ജനുവരി 20-ന് ഹാജരാകണം

തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെയുള്ള വ്യാജ വോട്ട് പരാതിയിൽ കോടതി നടപടികൾ ആരംഭിച്ചു. കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ നൽകിയ ഹരജിയിലാണ് തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മുക്കാട്ടുകര ബൂത്തിൽ സുരേഷ് ഗോപിയും കുടുംബാംഗങ്ങളും നിയമവിരുദ്ധമായി വോട്ട് ചേർത്തു എന്നാണ് എന്നാണ് പരാതി. സുരേഷ് ഗോപിയും, സഹോദരൻ സുഭാഷ് ഗോപിയും, ബിഎൽഒയും ചേർന്ന് ഗൂഢാലോചന നടത്തി വ്യാജ രേഖകൾ വഴിയാണ് വോട്ട് ചേർത്തതെന്ന് ടി.എൻ. പ്രതാപൻ പരാതിയിൽ പറയുന്നു.
അതേസമയം, വോട്ട് ചേർക്കുന്നതിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ, അന്നത്തെ ബൂത്ത് ലെവൽ ഓഫിസറോട് (BLO) ജനുവരി 20-ന് നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവിട്ടു.
ഈ സംഭവം നടക്കുമ്പോൾ സുരേഷ് ഗോപി പൊതുസേവകൻ അല്ലാതിരുന്നതിനാൽ, അദ്ദേഹത്തിന് പ്രത്യേക നിയമ പരിരക്ഷയോ മുൻകൂട്ടി നോട്ടിസ് നൽകേണ്ട സാഹചര്യമോ ഇല്ലെന്ന് കോടതി വ്യക്തമാക്കി. തുടർന്നാണ് ബിഎൽഒക്ക് നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടത്. ബിഎൽഒ നൽകുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കേസിലെ അടുത്ത ഘട്ടങ്ങൾ തീരുമാനിക്കുക.

