ക്രിസ്മസ് കരോൾ സംഘത്തിനെതിരെയുള്ള ആക്രമണം: എസ്.ഡി.പി.ഐ പ്രതിഷേധിച്ചു

പാലക്കാട്: പുതുശേരി കുരുടിക്കാട് കാളാണ്ടിത്തറയിൽ ക്രിസ്മസ് കരോൾ പാടാനെത്തിയ സ്കൂൾ വിദ്യാർഥികളെ തടഞ്ഞ് ആക്രമിച്ച സംഭവം അത്യന്തം അപലപനീയമാണെന്ന് മലമ്പുഴ മണ്ഡലം പ്രസിഡന്റ് ഇല്യാസ് പറഞ്ഞു. മതസൗഹാർദ്ദം തകർക്കാനുള്ള ഗൂഢ ലക്ഷ്യത്തിന്റെ ഭാഗമാണിതെന്ന് അദ്ദേഹം ആരോപിച്ചു.
സംഭവത്തിൽ ഞായറാഴ്ച രാത്രി ക്രിസ്മസ് കരോളും ബാൻഡ് വാദ്യങ്ങളുമായി എത്തിയ പത്ത് വിദ്യാർഥികളുടെ സംഘത്തെ ഭീഷണിപ്പെടുത്തുകയും ചിലരെ മർദ്ദിക്കുകയും ബാൻഡ് വാദ്യങ്ങൾ തല്ലിപ്പൊട്ടിക്കുകയും ചെയ്തതായി പറയപ്പെടുന്നു.
കസബ പൊലീസ് സംഭവത്തിൽ പുതുശേരി കാളാണ്ടിത്തറ സ്വദേശിയും ആർഎസ്എസ്-ബിജെപി പ്രവർത്തകനുമായ അശ്വിൻ രാജിനെ (24) അറസ്റ്റ് ചെയ്ത് 308-ാം വകുപ്പ് ചുമത്തി റിമാൻഡ് ചെയ്തിട്ടുണ്ട്. പോലീസ് നടപടി സ്വാഗതാർഹമാണെന്നും കുറ്റകൃത്യത്തിൽ പങ്കുള്ള എല്ലാവരെയും നിയമത്തിന്റെ മുന്നിലെത്തിക്കണമെന്നും ഇല്യാസ് ആവശ്യപ്പെട്ടു.
“കുട്ടികളിൽ ഭീതിയും മാനസികാഘാതവും സൃഷ്ടിക്കുന്ന ഇത്തരം അക്രമങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. കേരളത്തിന്റെ പൈതൃകമായ മതസൗഹാർദ്ദവും സഹവർത്തിത്വവും സംരക്ഷിക്കാൻ ഭരണകൂടവും സമൂഹവും ശക്തമായ നിലപാട് സ്വീകരിക്കണം,” എന്ന് ഇല്യാസ് പറഞ്ഞു.
ന്യൂനപക്ഷങ്ങളെയും കുട്ടികളെയും ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങൾക്കെതിരെ സർക്കാർ സീറോ ടോളറൻസ് നയം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



