പരീക്ഷാ പേടി: കഞ്ചിക്കോട് പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തു

പാലക്കാട്: പരീക്ഷാ പേടിയെ തുടർന്ന് കഞ്ചിക്കോട് പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. കഞ്ചിക്കോട് നായർത്തറ ഏച്ഛൻപുരയിൽ കെഎസ്ആർടിസി ഡ്രൈവറായ സുദേവന്റെയും ഇന്ദിരയുടെയും മകൾ എസ്. അഞ്ജന (17) ആണ് മരിച്ചത്. പിഎംജി ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു സയൻസ് വിഭാഗം വിദ്യാർഥിനിയായിരുന്നു.
പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്ന മിടുക്കിയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ഈ മാസം 5-ന് ഹയർസെക്കൻഡറി ഫൈനൽ പരീക്ഷകൾ ആരംഭിച്ചതിന് ശേഷം അഞ്ജന കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ചില വിഷയങ്ങളിലെ പരീക്ഷയെ കുറിച്ചുള്ള പേടി കുട്ടി സുഹൃത്തുക്കളോടും മാതാപിതാക്കളോടും പങ്കുവെച്ചിരുന്നതായി വാളയാർ പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു.
കെമിസ്ട്രി പരീക്ഷ നടക്കേണ്ടിയിരുന്ന ദിവസമാണ് സംഭവം. രാവിലെ ഉറക്കമുണർന്ന ശേഷം മുറിയിൽ നിന്ന് പുറത്തിറങ്ങാത്തതിനെ തുടർന്ന് വീട്ടുകാർ വാതിൽ പൊളിച്ച് പരിശോധിച്ചപ്പോഴാണ് അമ്മയുടെ സാരിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വാളയാർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. തുടർന്ന് കഞ്ചിക്കോട് വാതക ശ്മശാനത്തിൽ സംസ്കാരം നടത്തി.
അജിത്ത് സഹോദരനാണ്.

