കരോൾ സംഘത്തെ ആക്രമിച്ച കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

പാലക്കാട്: പുതുശേരി കുരുടിക്കാട് കാളാണ്ടിത്തയിൽ വിദ്യാർഥികളായ ക്രിസ്മസ് കരോൾ സംഘത്തിനെ മർദ്ദിച്ച കേസിൽ സജീവ ആർഎസ്എസ് – ബിജെപി പ്രവർത്തകനെ കസബ പൊലീസ് അറസ്റ്റ് ചെയ്തു.
പുതുശേരി കാളാണ്ടിത്തറ അശ്വിൻ രാജ്(24) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഞായർ രാത്രിയാണ് സ്കൂൾ വിദ്യാർഥികളായ പത്തംഗ സംഘം ക്രിസ്മസ് കരോളും ബാൻ്റ് വാദ്യങ്ങളുമായി കാളാണ്ടിത്തറയിൽ എത്തിയത്.
ഈ സമയം സംഘം കൂടി നിന്നിരുന്ന ആർഎസ്എസ് – ബിജെപി പ്രവർത്തകർ ഇവരെ തടഞ്ഞ് ഈ പ്രദേശത്ത് കരോൾ സംഘം വരരുതെന്ന് ആവശ്യപ്പെട്ട് കുട്ടികളെ ഭീഷണിപ്പെടുത്തി. ഇതിനിടയിൽ അശ്വിൻ രാജ് ചില കുട്ടികളെ മർദ്ദിക്കുകയും ഇവരുടെ പക്കലുണ്ടായിരുന്ന ബാൻ്റ് വാദ്യങ്ങൾ തല്ലിപ്പൊട്ടിക്കുകയും ചെയ്തു.
ഭയന്ന് വിറച്ച കുട്ടികൾ ഉടൻ തന്നെ നാട്ടുകാരെ വിവരമറിയിച്ച് അവരോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അശ്വിൻ രാജിനെ 308-ാ വകുപ്പ് ചുമത്തി റിമാൻഡ് ചെയ്തു.



