ശഹീദ് കെഎസ് ഷാനോടുള്ള ജനങ്ങളുടെ ഐക്യദാർഢ്യമാണ് എസ്ഡിപിഐയുടെ രാഷ്ട്രീയ മുന്നേറ്റം : ഷഹീർ ചാലിപ്പുറം

പാലക്കാട്:
ശഹീദ് കെഎസ് ഷാനോടുള്ള ജനങ്ങളുടെ അചഞ്ചലമായ ഐക്യദാർഢ്യമാണ് എസ്ഡിപിഐയുടെ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് കരുത്താകുന്നതെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡൻറ് ഷഹീർ ചാലിപ്പുറം പറഞ്ഞു. പാലക്കാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ശഹീദ് കെഎസ് ഷാൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശഹീദ് കെഎസ് ഷാൻ ഉയർത്തിപ്പിടിച്ച നീതിയുടെയും മതേതരത്വത്തിന്റെയും രാഷ്ട്രീയമാണ് ഇന്നും ജനങ്ങളുടെ മനസ്സിൽ ജീവനുള്ളതെന്നും, ആ ആദർശങ്ങളുടെ തുടർച്ചയായാണ് എസ്ഡിപിഐയുടെ പ്രവർത്തനങ്ങളെന്നും ഷഹീർ ചാലിപ്പുറം വ്യക്തമാക്കി. എസ്ഡിപിഐക്കെതിരെ വിവിധ രാഷ്ട്രീയ ശക്തികൾ ഒന്നിച്ച് നീങ്ങുന്ന സാഹചര്യത്തിലും പാർട്ടിയുടെ അടിത്തറ കൂടുതൽ ശക്തമാകുന്നത് ജനപിന്തുണയുടെ വ്യക്തമായ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യോഗത്തിൽ എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഉമ്മ ഫാറൂഖ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹക്കീം മരയ്ക്കാർ, അബൂബക്കർ മാഷ്, റാഷിഖ് റഹ്മാൻ, മണ്ഡലം പ്രസിഡൻറ് എ.എം. റഫീഖ്, മണ്ഡലം സെക്രട്ടറി സുലൈമാൻ, എ.എം. അഷറഫ് തുടങ്ങിയവർ സംസാരിച്ചു. ശഹീദ് കെഎസ് ഷാന്റെ ഓർമ്മകൾ പുതുക്കിയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാത പിന്തുടരുമെന്ന പ്രതിജ്ഞയോടെയും സമ്മേളനം സമാപിച്ചു.


