മദ്യപാനത്തിനിടെ തർക്കം; വീട് കയറി ആക്രമിക്കാനെത്തിയ യുവാവ് വെട്ടേറ്റ് മരിച്ചു

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ കുടുംബവഴക്കിനെ തുടർന്നുണ്ടായ സംഘർഷത്തിനിടെ യുവാവ് കൊല്ലപ്പെട്ടു. മേനോൻപാറ പരിശിക്കൽ എരിമിക്കാര വീട്ടിൽ ജോസഫ് മനോഹറിന്റെ മകൻ ജയിംസ് രാജകുമാരൻ (38) ആണ് മരിച്ചത്. സംഭവത്തിൽ വെട്ടേറ്റ ബന്ധു പ്രവീൺ ആശുപത്രിയിൽ ചികിത്സയിലാണ്.
വലിയ കള്ളിയമ്പാറയിലുള്ള പ്രവീണിന്റെ വീട്ടിലാണ് സംഭവം. മദ്യപാനത്തിനിടെ സുഹൃത്തുക്കളും ബന്ധുക്കളും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. തുടർന്ന് രാത്രി പത്തരയോടെ ബൈക്കിലെത്തിയ ജയിംസ് രാജകുമാരൻ വടിവാളുമായി പ്രവീണിന്റെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. കൈവശമുണ്ടായിരുന്ന മുളകുപൊടി കലർത്തിയ വെള്ളവും പ്രവീണിന്റെ ദേഹത്തേക്ക് ഒഴിച്ചു.
ഇതോടെ ബന്ധുക്കളും പരിസരവാസികളും ചേർന്ന് ജയിംസിനെ നേരിട്ടു. സംഘർഷത്തിനിടെ ഇയാൾക്ക് മർദനമേറ്റു. പ്രവീണിന്റെ കൈവശവും കൊടുവാൾ ഉണ്ടായിരുന്നതായാണ് വിവരം. ഇതിനിടെയാണ് ജയിംസ് രാജകുമാരൻ മരിച്ചത്. അക്രമത്തിൽ പ്രവീണിന്റെ ഇടതുകവിളിന് വെട്ടേറ്റിട്ടുണ്ട്.
സംഭവത്തിൽ ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊലപാതകത്തിന് കേസെടുത്തതായാണ് വിവരം. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജയിംസ് രാജകുമാരൻ 13, 10 വയസ്സുള്ള രണ്ട് മക്കളെയും കൂട്ടിയാണ് പ്രവീണിന്റെ വീട്ടിലെത്തിയതെന്നാണ് വിവരം. സംഭവത്തിന് ദൃക്സാക്ഷികളായ കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നാലുപേരെ കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന വിവരം.
തിരുപ്പൂരിലെ ഒരു മില്ലിൽ ജോലി ചെയ്തിരുന്ന ജയിംസ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ഭാര്യയുമായി അകന്നു കഴിയുകയായിരുന്ന ഇയാളുടെ മദ്യപാനശീലത്തെക്കുറിച്ച് നാട്ടുകാർക്കിടയിൽ നേരത്തെയും പരാതികളുണ്ടായിരുന്നുവെന്നാണ് പോലീസ് കേന്ദ്രങ്ങളിൽനിന്ന് ലഭിക്കുന്ന വിവരം.

