മേനോൻപാറയിൽ കുട്ടികളെ വെള്ളത്തൊട്ടിയിൽ മുക്കിക്കൊലപ്പെടുത്തിയ സംഭവം: നിവേദ്യയുടെ ആൺസുഹൃത്ത് അറസ്റ്റിൽ

പാലക്കാട്: മേനോൻപാറയിൽ കുട്ടികളെ വെള്ളത്തൊട്ടിയിൽ മുക്കിക്കൊലപ്പെടുത്തിയ കേസിൽ നിവേദ്യയുടെ ആൺസുഹൃത്ത് മാർട്ടിൻ ഇഗ്നേഷ്യസ് (36) അറസ്റ്റിലായി. മേനോൻപാറ പാറക്കുഴി പട്ടമരത്താർ വീട്ടിൽ താമസിക്കുന്ന മാർട്ടിൻ കെട്ടിടനിർമാണ തൊഴിലാളിയാണ്.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ലെങ്കിലും സംഭവസമയത്ത് മാർട്ടിൻ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും ഒരുമിച്ച് ജീവിക്കുന്നതിനായാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് ചോദ്യം ചെയ്യലിൽ വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു.
ബുധനാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്ത നിവേദ്യയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മാർട്ടിനുമായുള്ള ബന്ധവും ഇയാളോടൊപ്പം ജീവിക്കുന്നതിനായാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന വിവരവും പുറത്തുവന്നത്. ഇതിന് പിന്നാലെ ബുധനാഴ്ച വൈകീട്ടുതന്നെ പൊലീസ് മാർട്ടിനെയും കസ്റ്റഡിയിലെടുത്തു.
കുട്ടികളുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച സമയത്ത് ഭർത്താവ് സ്ഥിരമായി മദ്യപിക്കുന്നയാളാണെന്നും ഫാഷൻ ഡിസൈനിങ് പഠനത്തിന് കുട്ടികൾ തടസ്സമാണെന്നും നിവേദ്യ പറഞ്ഞിരുന്നു. എന്നാൽ ഈ മൊഴി പൊലീസ് പൂർണമായി വിശ്വാസത്തിലെടുത്തിരുന്നില്ലെന്നാണ് വിവരം.
ഇരുവരെയും മണിക്കൂറുകളോളം ചോദ്യം ചെയ്തെങ്കിലും മൊഴികളിലെ വൈരുധ്യങ്ങൾ കാരണം തുടർനടപടികൾക്ക് സമയമെടുത്തതായി റിപ്പോർട്ടുണ്ട്. ഇരുവരുടെയും ഫോൺ രേഖകളും അന്വേഷണത്തിൽ നിർണായക തെളിവുകളായി.
തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷം നിവേദ്യയെ വ്യാഴാഴ്ച വൈകീട്ട് ചിറ്റൂർ കോടതിയിൽ ഹാജരാക്കി മലമ്പുഴ ജയിലിലേക്ക് മാറ്റി. മാർട്ടിനെ ചിറ്റൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


