വെച്ചപ്പതി ഊരിലെ നവജാത ശിശുവിന്റെ വീട് സന്ദർശിച്ച് എൽഡിഎഫ് നേതാക്കൾ; കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും സമഗ്ര സംരക്ഷണവും ഉറപ്പാക്കണം

പാലക്കാട്: അട്ടപ്പാടിയിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന ശിശുമരണങ്ങളിൽ ആശങ്ക രേഖപ്പെടുത്തി വെച്ചപ്പതി ഊരിൽ മരണമടഞ്ഞ നവജാത ശിശുവിന്റെ വീട് സിപിഐഎം സംസ്ഥാന സമിതി അംഗം അഡ്വ. കെ. ശാന്തകുമാരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. എംഎൽഎമാരായ പ്രേംകുമാർ, പി.പി. സുമോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
വടക്കോട്ടത്തറയിൽ സന്ദർശനം നടത്തുന്നതിനിടെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മറ്റൊരു കുഞ്ഞും മരണമടഞ്ഞെന്ന ദാരുണമായ വാർത്തയെത്തി. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി അഞ്ച് മാസത്തിനിടെ അട്ടപ്പാടിയിൽ മാത്രം എട്ട് കുഞ്ഞുങ്ങൾ മരിച്ചുവെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടിയത്. അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ആവശ്യമായ ആരോഗ്യപരിചരണം ഉറപ്പാക്കുന്നതിലും പ്രസവാനന്തര ചികിത്സയിലും ഗുരുതരമായ വീഴ്ചകളുണ്ടെന്നാണ് അവരുടെ ആരോപണം.
അട്ടപ്പാടിയിലെ ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ അടിയന്തര ശ്രദ്ധ ചെലുത്തണമെന്ന് സംഘം ആവശ്യപ്പെട്ടു. മുൻ എൽഡിഎഫ് സർക്കാർ നടപ്പാക്കിയിരുന്ന മൊബൈൽ ക്ലിനിക് സംവിധാനം നിർത്തലാക്കിയതും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അധികമായി നൂറ് തൊഴിൽദിനങ്ങൾ ഉറപ്പാക്കുന്ന പദ്ധതി ഇല്ലാതാക്കിയതും കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ പ്രത്യേക ചികിത്സാ സംവിധാനങ്ങൾ ഇല്ലാതാക്കിയതും ഗർഭിണികൾക്ക് സഹായം നൽകിയിരുന്ന ജനനി ജന്മരക്ഷാ പദ്ധതി നിർത്തലാക്കിയതും അട്ടപ്പാടിയിലെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി നേതാക്കൾ ആരോപിച്ചു.
കേരളത്തിൽ ശിശുമരണനിരക്ക് താരതമ്യേന കുറഞ്ഞ നിലയിലായിരിക്കെ, അട്ടപ്പാടിയിൽ മാത്രം അഞ്ച് മാസത്തിനിടെ എട്ട് കുഞ്ഞുങ്ങൾ മരിക്കേണ്ടിവന്ന സാഹചര്യം ഗൗരവമായി പരിശോധിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ഓരോ ശിശുമരണത്തിന്റെയും കാരണങ്ങൾ വിശദമായി അന്വേഷിക്കുകയും ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളിലെ വീഴ്ചകൾ കണ്ടെത്തി തിരുത്തുകയും വേണം. ഗർഭിണികൾക്ക് ഗർഭകാലത്തും പ്രസവസമയത്തും പ്രസവാനന്തര ഘട്ടത്തിലും മതിയായ ചികിത്സയും പരിചരണവും ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ശിശുമരണങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ആവശ്യമായ സാമ്പത്തിക സഹായവും തുടർസംരക്ഷണവും ഉടൻ പ്രഖ്യാപിക്കണം. അട്ടപ്പാടിയിലെ ആദിവാസി മേഖലകളിൽ ആരോഗ്യസംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ഗർഭിണികൾക്കും നവജാത ശിശുക്കൾക്കും സമയബന്ധിതമായ വിദഗ്ധ ചികിത്സ ഉറപ്പാക്കുകയും വേണമെന്ന ആവശ്യവും നേതാക്കൾ മുന്നോട്ടുവച്ചു.


