Image default
Uncategorized

അട്ടപ്പാടിയിലെ ശിശുമരണങ്ങൾ; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി ഡി.എം.ഒയ്ക്ക് പരാതി നൽകി

0:00

അട്ടപ്പാടിയിലെ ശിശുമരണങ്ങൾ; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി ഡി.എം.ഒയ്ക്ക് പരാതി നൽകി

പാലക്കാട്: അട്ടപ്പാടിയിൽ കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ പത്തോളം കുഞ്ഞുങ്ങൾ മരണപ്പെട്ട സംഭവങ്ങളിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ആദിവാസി മേഖലകളിലെ ആരോഗ്യസംവിധാനവും പോഷകാഹാര സുരക്ഷയും ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് വിമൻ ഇന്ത്യ മൂവ്മെന്റ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി സൈനബ അലി ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി.
ഓരോ ശിശുമരണത്തെയും ഒറ്റപ്പെട്ട സംഭവമായി കാണാതെ, മരണങ്ങളിലേക്ക് നയിച്ച യഥാർഥ സാഹചര്യങ്ങൾ കണ്ടെത്താൻ ആരോഗ്യപരമായും സാമൂഹികമായും സമഗ്രമായ അന്വേഷണം നടത്തണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. അട്ടപ്പാടിയിലെ ആദിവാസി കുടുംബങ്ങളുമായി നേരിട്ട് സംവദിച്ച് അവരുടെ ജീവിതസാഹചര്യങ്ങൾ മനസ്സിലാക്കിയതിൽനിന്ന് പോഷകാഹാരക്കുറവ്, സാമ്പത്തിക പിന്നാക്കാവസ്ഥ, പരമ്പരാഗത ഭക്ഷണരീതികളിലുണ്ടായ മാറ്റങ്ങൾ, ആരോഗ്യപരിരക്ഷയിലെ അപര്യാപ്തതകൾ തുടങ്ങിയ നിരവധി ആശങ്കകൾ ശ്രദ്ധയിൽപ്പെട്ടതായി പരാതിയിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ശിശുമരണങ്ങളുടെയും ഗർഭസ്ഥശിശുമരണങ്ങളുടെയും സാഹചര്യങ്ങൾ വിശദമായി പരിശോധിച്ച് ഗർഭകാല പരിചരണം, പ്രസവസമയത്തെ ചികിത്സ, പോഷകാഹാരനില, ചികിത്സാ ചരിത്രം എന്നിവ വിലയിരുത്തണം. ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് വീഴ്ചകളുണ്ടായിട്ടുണ്ടെങ്കിൽ ഉത്തരവാദിത്തം നിശ്ചയിച്ച് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
അട്ടപ്പാടിയിലെ ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾ എന്നിവരുടെ ആരോഗ്യസ്ഥിതി അടിയന്തരമായി പരിശോധിക്കണം. പോഷകാഹാരക്കുറവ്, വിളർച്ച, സിക്കിൾ സെൽ അനീമിയ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തി ആവശ്യമായ ചികിത്സയും പോഷകാഹാരവും ഉറപ്പാക്കണം. അങ്കണവാടികളിലൂടെയും കമ്മ്യൂണിറ്റി കിച്ചനുകളിലൂടെയും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും പോഷകമൂല്യവും പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ശിശുരോഗ വിദഗ്ധർ, ഗൈനക്കോളജിസ്റ്റുകൾ, അനസ്തേഷ്യ വിദഗ്ധർ എന്നിവരെ നിയമിച്ച് നവജാതശിശു പരിചരണ വിഭാഗം, ഐ.സി.യു., അടിയന്തര ചികിത്സാ സംവിധാനങ്ങൾ എന്നിവ ശക്തിപ്പെടുത്തണം. വിദൂര ആദിവാസി ഉന്നതികളിൽ മൊബൈൽ മെഡിക്കൽ സംഘങ്ങളുടെ സേവനം കാര്യക്ഷമമാക്കുകയും അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസ് ലഭ്യത ഉറപ്പാക്കുകയും വേണം.
ആദിവാസി സമൂഹത്തിന്റെ പരമ്പരാഗത ഭക്ഷണസംസ്കാരവും ചികിത്സാ അറിവുകളും അവഗണിക്കരുതെന്നും റാഗി, ചാമ, തിന, പയർവർഗങ്ങൾ തുടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷ്യവിഭവങ്ങളുടെ ലഭ്യത ഉറപ്പാക്കണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. പരമ്പരാഗത ചികിത്സാരീതികളെ ശാസ്ത്രീയമായി പഠിച്ച് സുരക്ഷിതമായ അറിവുകൾ സംരക്ഷിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണം.
അട്ടപ്പാടിയിലെ ശിശുമരണങ്ങൾ കേവലം പതിവ് പരിശോധനകളിൽ ഒതുക്കാതെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം വിളിച്ചുചേർത്ത് ആദിവാസി ഉന്നതികളിൽ നേരിട്ടെത്തി പരിശോധന നടത്തണമെന്നും മരണങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശാശ്വത നടപടികൾ സ്വീകരിക്കണമെന്നും സൈനബ അലി പരാതിയിലൂടെ ആവശ്യപ്പെട്ടു. സ്വീകരിക്കുന്ന നടപടികളും അന്വേഷണ റിപ്പോർട്ടും രേഖാമൂലം അറിയിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ജില്ല വൈസ് പ്രസിഡണ്ട്
ലൈല ഫക്രുദീൻ
ട്രഷറർ
ഷമീന ഹസൈനാർ
തുടങ്ങിയവർ സംബന്ധിച്ചു

Related post

മുണ്ടൂരിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ കുഴിയിൽ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

Time to time News

അട്ടപ്പാടിയിൽ നാടൻ തോക്ക് നിർമ്മാണശാല കണ്ടെത്തി മൂന്ന് നാടൻ തോക്കുകളും നിർമ്മാണ സാമഗ്രികളും 20 ലിറ്ററോളം വാറ്റുചാരായവും പിടികൂടി മൂന്ന് പേർ അറസ്റ്റിൽ

Time to time News

പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ അന്യായ തടങ്കല്‍ രാഷ്ട്രീയ പ്രതികാരം: ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."