അധ്യാപകർ വഴക്ക് പറഞ്ഞു, പഠനത്തിൽ മോശമെന്ന് പറഞ്ഞ് ഒറ്റപ്പെടുത്തി; വാൽപാറയിൽ ആത്മഹത്യക്ക് ശ്രമിച്ച പതിനാലുകാരി മരിച്ചു

പൊള്ളാച്ചി:തൃശൂർ അധ്യാപകർ വഴക്ക് പറഞ്ഞതിനെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച പതിനാലുകാരി ചികിത്സയിലിരിക്കെ മരിച്ചു. തമിഴ്‌നാട്ടിലെ വാൽപ്പാറ റൊട്ടിക്കടയിലാണ് സംഭവം. ഇവിടെ ഒരു ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ച കുട്ടി.
മറ്റ് കുട്ടികളുടെ മുന്നിൽ വെച്ച് അധ്യാപകർ വഴക്ക് പറഞ്ഞതും, പഠനത്തിൽ മോശമാണെന്ന് പറഞ്ഞ് ക്ലാസ്സിൽ ഒറ്റക്ക് ഇരുത്തിയതുമാണ് കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചത്.ഈ സംഭവത്തിനുശേഷം കടുത്ത മാനസിക സമ്മർദ്ദത്തിലായ കുട്ടി സ്കൂളിൽ പോകാൻ മടിച്ചിരുന്നു. തുടർന്ന്, മാതാപിതാക്കൾ സ്കൂളിൽ പോകാൻ നിർബന്ധിച്ചപ്പോൾ, കുട്ടി വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ ഉപയോഗിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
തുടർന്ന്, ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ കോയമ്പത്തൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. അതേസമയം, സംഭവത്തിൽ കേസെടുത്ത വാൽപ്പാറ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
