സമ്മർദ്ദത്തിനൊടുവിൽ അറസ്റ്റ്; അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ക്രൂരമായി മർദിച്ച പ്രതി പിടിയിൽ

പാലക്കാട്:
അട്ടപ്പാടി പാലൂർ ഉന്നതിയിലെ ആദിവാസി യുവാവിനെ ക്രൂരമായി മർദിച്ച കേസിൽ പ്രതി രാമരാജൻ അറസ്റ്റിൽ. മണ്ണാർക്കട്ടേക്ക് പോകുന്ന ബസിൽ യാത്ര ചെയ്യുന്നതിനിടെ ആനമൂളിയിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് പാലൂർ ഉന്നതിയിലെ മണികണ്ഠനെ രാമരാജൻ ക്രൂരമായി മർദിച്ചത്. പച്ചമരുന്നിന് ഉപയോഗിക്കുന്ന ഒരു മരത്തിന്റെ വേര് മോഷ്ടിച്ചുവെന്ന ആരോപണം ഉന്നയിച്ചായിരുന്നു ആക്രമണം. മണികണ്ഠനെ ബലം പ്രയോഗിച്ച് പാലൂരിലെ ഒഴിഞ്ഞ മുറിയിലേക്ക് കൊണ്ടുപോയ പ്രതി, അവിടെ വച്ച് കഠിനമായി മർദിക്കുകയും തലക്കടിയേറ്റ് തലയോട്ടി പൊട്ടുന്ന തരത്തിലുള്ള ഗുരുതര പരിക്കേൽപ്പിക്കുകയുമായിരുന്നു.
ഗുരുതരാവസ്ഥയിൽ ആയിരുന്ന മണികണ്ഠനെ ഇക്കഴിഞ്ഞ 9-ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു. നിലവിൽ യുവാവ് അട്ടപ്പാടി കൊട്ടത്തറ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ രാമരാജനെ പ്രതിയാക്കി പുതൂർ പൊലീസ് 16-ാം തീയതി കേസെടുത്തിരുന്നുവെങ്കിലും അറസ്റ്റ് അടക്കമുള്ള തുടർനടപടികളിലേക്ക് പൊലീസ് കടന്നില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. അതേസമയം, അന്വേഷണം പുരോഗമിക്കുകയാണെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ശക്തമായ പൊതുസമ്മർദ്ദത്തിനൊടുവിലാണ് പ്രതിയുടെ അറസ്റ്റ് ഉണ്ടായത്.

