പാലക്കാട്ടെ ആക്രമണം ദൗർഭാഗ്യകരം; അക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇടപെടണം — ബസേലിയോസ് ക്ലീമീസ്

തിരുവനന്തപുരം: പാലക്കാട് കരോൾ സംഘത്തിന് നേരെയുണ്ടായ ആക്രമണം ദൗർഭാഗ്യകരമായ സംഭവമാണെന്ന് മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ പറഞ്ഞു. ഇത്തരം അക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികാരികൾ ശക്തമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്രിസ്മസ് ആഘോഷങ്ങളുടെ നടുവിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കേണ്ടതാണെന്നും ക്ലീമീസ് കാതോലിക്കാ ബാവ പറഞ്ഞു. ഒരുവശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്മസ് അനുബന്ധ പരിപാടികളിൽ പങ്കെടുക്കുമ്പോൾ മറുവശത്ത് ആക്രമണങ്ങൾ നടക്കുന്നത് വേദനാജനകമാണെന്നും, രാജ്യവ്യാപകമായി ഇത്തരം അക്രമങ്ങൾ ഉണ്ടാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, കരോൾ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ കുട്ടികളുടെ രക്ഷിതാക്കൾ പ്രതികരണവുമായി രംഗത്തെത്തി. സംഭവത്തിന് ശേഷം കുട്ടികൾക്ക് സ്കൂളിൽ പോലും പോകാൻ കഴിയാത്ത അവസ്ഥയാണെന്നും, ആക്രമണത്തേക്കാൾ കൂടുതൽ വേദനിപ്പിച്ചത് ബിജെപി നേതാക്കളുടെ അധിക്ഷേപങ്ങളാണെന്നും രക്ഷിതാക്കൾ പറഞ്ഞു.
രാഷ്ട്രീയം പോലും അറിയാത്ത, 15 വയസിന് താഴെ മാത്രം പ്രായമുള്ള കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നതെന്നും, ബിജെപി നേതാക്കളുടെ പ്രസ്താവനകൾ കുട്ടികൾക്ക് മാനസികമായി വലിയ ആഘാതം ഉണ്ടാക്കിയതായും രക്ഷിതാക്കൾ ആരോപിച്ചു. ആക്രമണത്തിന് പിന്നാലെ, സംഘം മദ്യപിച്ചെത്തിയതിനാലാണ് ആക്രമണം ഉണ്ടായതെന്ന ആരോപണവുമായി ബിജെപി നേതാവ് സി. കൃഷ്ണകുമാർ രംഗത്തെത്തിയിരുന്നു. ഈ ആരോപണം കുട്ടികളെ ഏറെ വേദനിപ്പിച്ചുവെന്ന് രക്ഷിതാക്കൾ പറഞ്ഞു.
കരോളുമായി ഇവിടെ വരരുതെന്ന് പറഞ്ഞായിരുന്നു കുട്ടികൾക്ക് നേരെ ആക്രമണം നടത്തിയതെന്നും, കുട്ടികൾക്കെതിരായ അധിക്ഷേപത്തിൽ പരാതി നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും രക്ഷിതാക്കൾ അറിയിച്ചു. കഴിഞ്ഞ 21നായിരുന്നു സംഭവം. കരോളിന് ഉപയോഗിച്ചിരുന്ന ഡ്രമ്മിൽ ‘സിപിഐഎം’ എന്ന് എഴുതിയിരുന്നത് ചോദ്യം ചെയ്തായിരുന്നു ബിജെപി പ്രവർത്തകർ കരോൾ സംഘത്തെ ആക്രമിച്ചത്.
സംഭവത്തിന് പിന്നാലെ കുട്ടികളെ അധിക്ഷേപിച്ചുള്ള ബിജെപി നേതാവിന്റെ നിലപാട് ദൗർഭാഗ്യകരമാണെന്ന് കോൺഗ്രസും അഭിപ്രായപ്പെട്ടു.



