Image default
Uncategorized

പാചകവാതക ക്ഷാമം; ജയില്‍ വകുപ്പിന്റെ ഫുഡ് കൗണ്ടറുകളില്‍ വിഭവങ്ങള്‍ വെട്ടിക്കുറച്ചു

0:00

പാചകവാതക ക്ഷാമം; ജയില്‍ വകുപ്പിന്റെ ഫുഡ് കൗണ്ടറുകളില്‍ വിഭവങ്ങള്‍ വെട്ടിക്കുറച്ചു

തിരുവനന്തപുരം: രാജ്യത്തെ പാചകവാതക ക്ഷാമം സംസ്ഥാനത്തെ ജയിലുകളെയും ബാധിച്ചുതുടങ്ങി. പൂജപ്പുര സെന്‍ട്രല്‍ ജയില്‍ അടക്കമുള്ള സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ തടവുകാര്‍ നിര്‍മിച്ച് പുറത്ത് വില്‍ക്കുന്ന ഭക്ഷണ വിഭവങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പാചകവാതക സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ, ‘ഫുഡ് ഫോര്‍ ഫ്രീഡം’ പദ്ധതിയുടെ ഭാഗമായുള്ള വിഭവങ്ങള്‍ ചപ്പാത്തിയിലേക്കും കറികളിലേക്കും മാത്രമായി അധികൃതര്‍ പരിമിതപ്പെടുത്തി. ഇതോടെ ജയില്‍ വകുപ്പിന്റെ ഫുഡ് കൗണ്ടറുകളില്‍ ലഭിക്കുന്ന ഭക്ഷണത്തില്‍ കുറവ് വന്നുതുടങ്ങും.
സംസ്ഥാനത്തെ കാക്കനാട് ജില്ലാ ജയില്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍, കോഴിക്കോട് ജില്ലാ ജയില്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍, തവനൂര്‍ സെന്‍ട്രല്‍ ജയില്‍ എന്നിവിടങ്ങളിലും ഈ നിയന്ത്രണം ബാധിച്ചിരിക്കുകയാണ്. സാധാരണയായി ‘ഫ്രീഡം ഫുഡ്’ കൗണ്ടറുകളിലൂടെ തടവുകാര്‍ തയ്യാറാക്കുന്ന ചപ്പാത്തി, മുട്ടക്കറി, തക്കാളിക്കറി, വെജിറ്റബിൾ കറി, ബിരിയാണി, ചിക്കന്‍ ചില്ലി തുടങ്ങിയ വിഭവങ്ങള്‍ മിതമായ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായിരുന്നു. എന്നാല്‍ പാചകവാതക ക്ഷാമം രൂക്ഷമായതോടെ ഇപ്പോൾ വിഭവങ്ങളുടെ എണ്ണം കുറയ്ക്കേണ്ട സാഹചര്യം വന്നിരിക്കുകയാണ്.
ഏജന്‍സികള്‍ പാചകവാതക സിലിണ്ടറുകളുടെ വിതരണം കുറച്ചതോടെയാണ് ഭക്ഷണം തയ്യാറാക്കുന്നത് നിയന്ത്രിക്കേണ്ടി വന്നതെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. പുറത്തെ വിപണന കൗണ്ടറുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും ജയിലിനുള്ളിലെ തടവുകാര്‍ക്കുള്ള ഭക്ഷണ വിതരണത്തില്‍ കുറവ് വരുത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. സിലിണ്ടറുകളുടെ ലഭ്യത ഇനിയും കുറഞ്ഞാല്‍ ഫുഡ് കൗണ്ടറുകളിലൂടെ പൊതുജനങ്ങള്‍ക്കുള്ള ഭക്ഷണ വിതരണം പൂര്‍ണമായും നിര്‍ത്തേണ്ടിവരുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
ജയില്‍ വകുപ്പിന് മികച്ച വരുമാനം ലഭ്യമാക്കിയ സംരംഭമാണ് ‘ഫുഡ് ഫോര്‍ ഫ്രീഡം’. തടവുപുള്ളികള്‍ തയ്യാറാക്കുന്ന ഭക്ഷണമാണ് ഫുഡ് കൗണ്ടറുകളിലൂടെ ജയില്‍ വകുപ്പ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. കുറഞ്ഞ വിലയില്‍ നല്ല ഭക്ഷണം ലഭിക്കുന്നതിനാല്‍ സാധാരണക്കാരായ നിരവധി ആളുകള്‍ ഈ സംവിധാനത്തെ ആശ്രയിച്ചിരുന്നു.
അതേസമയം, പാചകവാതക ക്ഷാമം ജയിലുകളില്‍ മാത്രമല്ല സംസ്ഥാനത്തെ ഹോട്ടലുകള്‍, കാറ്ററിങ് സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവയെയും ബാധിച്ചിരിക്കുകയാണ്. ഗ്യാസ് ലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് പല ഹോട്ടലുകളും പ്രവര്‍ത്തനം നിർത്തുകയോ നിയന്ത്രണങ്ങളോടെ തുടരുകയോ ചെയ്യുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

Related post

ധർമേന്ദ്ര പ്രധാൻ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; പാർലമെന്റിലും വിഷയം ഉയർത്താൻ പ്രതിപക്ഷം

Time to time News

കേരളത്തിൽ അപൂർവ വിധി: ഇരട്ട ജീവപര്യന്തം അനുഭവിച്ച പ്രതിക്ക് മറ്റൊരു ഇരട്ടക്കൊലക്കേസിൽ വധശിക്ഷ

Time to time News

സംഘപരിവാർ അനുകൂലിയുടെ വീട്ടിലെത്തി പിറന്നാൾ ആശംസിച്ച് രമേശ് ചെന്നിത്തല; സാമൂഹിക മാധ്യമങ്ങളിൽ വിമർശനം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."