Image default
Uncategorized

റസിഡൻസ് സർട്ടിഫിക്കറ്റിന് കൈക്കൂലി: പുതുശ്ശേരി പഞ്ചായത്ത് ക്ലർക്ക് വിജിലൻസ് പിടിയിൽ

0:00

റസിഡൻസ് സർട്ടിഫിക്കറ്റിന് കൈക്കൂലി: പുതുശ്ശേരി പഞ്ചായത്ത് ക്ലർക്ക് വിജിലൻസ് പിടിയിൽ

പാലക്കാട്: റസിഡൻസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങിയ പുതുശ്ശേരി ഗ്രാമ പഞ്ചായത്ത് ക്ലർക്കിനെ വിജിലൻസ് കൈയ്യോടെ പിടികൂടി. പാലക്കാട് അകത്തേത്തറ സ്വദേശിയും പുതുശ്ശേരി ഗ്രാമ പഞ്ചായത്ത് ക്ലർക്കുമായ ശ്രീജിത്ത് ഗോപിനാഥ് (39) ആണ് അറസ്റ്റിലായത്.
പാലക്കാട് കഞ്ചിക്കോട് സ്വദേശിയായ പരാതിക്കാരന്റെ സുഹൃത്തിന് ടിപ്പർ ലോറി വാങ്ങുന്നതിനായി ബാങ്ക് ലോൺ ലഭിക്കാൻ റസിഡൻസ് സർട്ടിഫിക്കറ്റ് ആവശ്യമായിരുന്നു. ഇതിന് വേണ്ടി അക്ഷയ കേന്ദ്രം മുഖേന പുതുശ്ശേരി ഗ്രാമ പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു.
അപേക്ഷ സംബന്ധിച്ച് അന്വേഷിക്കാൻ പരാതിക്കാരൻ പഞ്ചായത്ത് ഓഫീസിലെത്തിയപ്പോൾ ക്ലർക്കായ ശ്രീജിത്ത് ഗോപിനാഥ് വീട്ടിൽ നേരിട്ട് പരിശോധന നടത്തി. വീട് പരാതിക്കാരന്റെ അച്ഛന്റെ പേരിലായതിനാൽ ചില പ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞ് അച്ഛന്റെ മരണ സർട്ടിഫിക്കറ്റുമായി ഓഫീസിൽ എത്താൻ നിർദേശിച്ചു.
തുടർന്ന് മരണ സർട്ടിഫിക്കറ്റുമായി ഓഫീസിലെത്തിയ പരാതിക്കാരനോട് റസിഡൻസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ₹2,500 കൈക്കൂലി നൽകണം എന്നും, പണം അക്കൗണ്ടിലൂടെ അയക്കാതെ നേരിട്ട് ക്യാഷായി നൽകണം എന്നും ആവശ്യപ്പെട്ടതായി പരാതിയുണ്ട്.
കൈക്കൂലി നൽകി കാര്യം നടത്താൻ തയ്യാറാകാതിരുന്ന പരാതിക്കാരൻ വിവരം വിജിലൻസ് പാലക്കാട് യൂണിറ്റിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു. തുടർന്ന് വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷണം നടത്തി.
ഇന്ന് ഉച്ചയ്ക്ക് പുതുശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ചുള്ളിമടയിൽ പരാതിക്കാരനിൽ നിന്ന് ₹2,500 കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം ശ്രീജിത്ത് ഗോപിനാഥിനെ കൈയ്യോടെ പിടികൂടിയത്.
അറസ്റ്റിലായ പ്രതിയെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

Related post

അട്ടപ്പാടി ഇരട്ടക്കൊലപാതകം: ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭവാനിപ്പുഴയിലെറിഞ്ഞു; ബംഗാൾ സ്വദേശിക്കായി തിരച്ചിൽ

Time to time News

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ നിര്യാതനായി

Time to time News

ഒരു മാസത്തെ പലിശ മുടങ്ങി; 11 വയസുകാരിയെ വരെ തടവിലാക്കി ഭീഷണി — പാലക്കാട്ട് ‘ബ്ലേഡ് മാഫിയ’ക്കെതിരെ നടപടി എപ്പോൾ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."