ക്ലാസ് ഇലക്ട്രിക്കൽ കോൺട്രാക്ടർ ലൈസൻസിന് കൈക്കൂലി:
ജൂനിയർ സൂപ്രണ്ട് കണ്ണൂർ വിജിലൻസ് പിടിയിൽ

കണ്ണൂർ:
ബി-ക്ലാസ് ഇലക്ട്രിക്കൽ കോൺട്രാക്ടർ ലൈസൻസ് അനുവദിക്കുന്നതിന് 6,000 രൂപ കൈക്കൂലി വാങ്ങിയ തിരുവനന്തപുരം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് മഞ്ചിമ പി രാജുവിനെ കണ്ണൂർ വിജിലൻസ് അറസ്റ്റ് ചെയ്തു.
കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശിയായ പരാതിക്കാരൻ ഇലക്ട്രിക്കൽ സൂപ്പർവൈസറായി ജോലി ചെയ്യുന്നതിനായി ബി-ക്ലാസ് ഇലക്ട്രിക്കൽ കോൺട്രാക്ടർ ലൈസൻസിന് 2025 ഡിസംബർ 10-ന് ഓൺലൈനായി അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയുമായി ബന്ധപ്പെട്ട തുടർനടപടികൾക്കായി മഞ്ചിമ പി രാജു ഫോൺ വഴിയും വാട്സ്ആപ്പ് ചാറ്റ് വഴിയും 6,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു.
ഇന്ന് രാവിലെ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പണം കൈമാറണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വിജിലൻസ് കെണിയിൽ, പരാതിക്കാരനിൽ നിന്ന് കൈക്കൂലി സ്വീകരിക്കുന്നതിനിടെ ഇന്ന് രാവിലെ 6.20ന് മഞ്ചിമ പി രാജുവിനെ കണ്ണൂർ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു.
അറസ്റ്റിലായ പ്രതിയെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് അറിയിച്ചു.

