മോഷണക്കുറ്റം ആരോപിച്ച് വീണ്ടും മർദനം; അട്ടപ്പാടിയിൽ ആദിവാസി യുവാവിന് ഗുരുതര പരിക്ക് — പൊലീസ് നടപടിയില്ലെന്ന് കുടുംബം

പാലക്കാട്: സംസ്ഥാനത്ത് മോഷണക്കുറ്റം ആരോപിച്ച് വീണ്ടും അതിക്രമം. അട്ടപ്പാടി പാലൂരിൽ ആദിവാസി യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസ് നടപടിയെടുത്തില്ലെന്ന് കുടുംബം ആരോപിക്കുന്നു.
പാലൂർ സ്വദേശിയായ മണികണ്ഠനെയാണ് ആക്രമിച്ചത്. ആദിവാസികളിൽ നിന്ന് കാട്ടിലെ വേരുകൾ ശേഖരിച്ച് വിൽപ്പന നടത്തുന്ന രാമരാജാണ് മർദിച്ചതെന്നാണ് പരാതി. ആക്രമണത്തിൽ മണികണ്ഠന്റെ തലയോട്ടിക്ക് ക്ഷതമേറ്റു. ശസ്ത്രക്രിയക്ക് വിധേയനായ യുവാവ് നിലവിൽ ചികിത്സയിലാണ്.
ഡിസംബർ എട്ടിന് കോഴിക്കോട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോയ മണികണ്ഠൻ അവിടെ വെച്ച് തളർന്ന് വീഴുകയായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരുക്കുകൾ സംശയാസ്പദമാണെന്ന് കണ്ടെത്തിയ ഡോക്ടർമാർ കോഴിക്കോട് പൊലീസിനെ വിവരം അറിയിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പുതൂർ പൊലീസ് കോഴിക്കോട് എത്തി വിവരങ്ങൾ ശേഖരിച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.


