11 വര്‍ഷത്തിന് ശേഷം മാവോയിസ്റ്റ് രൂപേഷ് ജയില്‍ മോചിതനായി

തൃശൂര്‍: മാവോയിസ്റ്റ് രൂപേഷ് ജയില്‍ മോചിതനായി. 11 വര്‍ഷത്തെ തടവിന് ശേഷമാണ് മോചനം ലഭിച്ചത്. ഉടുമല്‍പ്പേട്ട് കോടതിയില്‍ നിന്നുള്ള ജാമ്യത്തോടെയാണ് പുറത്തിറങ്ങിയത്.
കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി നിരവധി കേസുകളാണ് രൂപേഷിനെതിരെ ഉണ്ടായിരുന്നത്. ആകെ 43 യുഎപിഎ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും 15 ലധികം കേസുകളില്‍ നടപടി അവസാനിപ്പിച്ചിട്ടുണ്ട്. കോയമ്പത്തൂരിലെ കറുമത്താപ്പേട്ടിയില്‍ നിന്നാണ് 11 വര്‍ഷം മുമ്പ് രൂപേഷ് പിടിയിലായത്. ചായകുടിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. അറസ്റ്റിലായ സംഘത്തില്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നുവെന്നും ഭാര്യ ഷൈന പിന്നീട് ജയില്‍ മോചിതയായിരുന്നുവെന്നും അറിയുന്നു. തൃശൂര്‍ വാടാനപ്പള്ളി സ്വദേശിയാണ് രൂപേഷ് എന്ന പ്രവീണ്‍.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ സി ബ്ലോക്കിലായിരുന്നു രൂപേഷ് കഴിഞ്ഞിരുന്നത്. ജയിലിലെ തടവുകാര്‍ക്ക് അപേക്ഷകളും മറ്റ് രേഖകളും തയ്യാറാക്കി നല്‍കുന്ന ചുമതല ജയില്‍ വകുപ്പ് രൂപേഷിന് ഏല്‍പ്പിച്ചിരുന്നു. തടവുകാര്‍ക്ക് നിയമോപദേശവും സൗജന്യമായി നല്‍കിയിരുന്നു.
അഡ്വക്കേറ്റായ രൂപേഷ് ജയിലിലിരിക്കെ പല കേസുകളും സ്വന്തമായി വാദിച്ച് ജയിച്ചിട്ടുണ്ട്. 11 വര്‍ഷത്തെ തടവുശിക്ഷക്കാലത്ത് ഒരു പരിധിവരെ കേസുകള്‍ കൈകാര്യം ചെയ്യാനും വിജയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
ജയില്‍വാസത്തിനിടെ ‘ബന്ധിതരുടെ ഓര്‍മ്മക്കുറിപ്പുകള്‍’ എന്ന നോവല്‍ രചിച്ചിരുന്നെങ്കിലും അത് പ്രസിദ്ധീകരിക്കാന്‍ ജയില്‍ അധികാരികള്‍ അനുമതി നല്‍കിയിരുന്നില്ല.
11 വര്‍ഷത്തെ തടവിനിടെ തടവുകാരുടെ വിവിധ ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഘട്ടങ്ങളിലായി സമരങ്ങളിലും നിരാഹാര സമരങ്ങളിലും രൂപേഷ് പങ്കെടുത്തിരുന്നു.


