കോയമ്പത്തൂർ അപകടം: മരിച്ച മലയാളികളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും

പാലക്കാട്: കോയമ്പത്തൂർ ചാവടിയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു. പാലക്കാട് പിരായിരി പ്രതീക്ഷനഗർ സ്വദേശി ജി വിനീഷ് (34), ചിറ്റൂർ ചന്ദനപ്പുറം ചേരുംകാട് സ്വദേശി സി അജിത് (25) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ ചിറ്റൂർ സ്വദേശി അഭിലാഷ് (20), കാടാങ്കോട് സ്വദേശി സുനിൽ (40) എന്നിവർ ചികിത്സയിൽ തുടരുകയാണ്. അഭിലാഷിന്റെ നില ഗുരുതരമായതിനാൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
നാലുപേരും പാലക്കാട് വിക്ടോറിയ കോളേജിന് സമീപത്തെ സ്റ്റുഡിയോയിലെ ജീവനക്കാരാണ്. കോയമ്പത്തൂരിൽ വിവാഹച്ചടങ്ങിന്റെ ഫോട്ടോഗ്രഫി കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. സർവീസ് റോഡിലൂടെ സഞ്ചരിച്ചിരുന്ന ഇവർ സഞ്ചരിച്ച കാറിലേക്ക് എതിർദിശയിൽനിന്ന് അമിതവേഗത്തിൽ എത്തിയ ഇന്നോവ കാർ ഡിവൈഡർ തകർത്തുകയറി ഇടിക്കുകയായിരുന്നു.
പരിക്കേറ്റ അജിത്തിനെ കോയമ്പത്തൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വിനീഷിനെ വാളയാർ പിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണപ്പെട്ടു. തുടർന്ന് മൃതദേഹങ്ങൾ കോയമ്പത്തൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഇന്നോവ കാറിൽ സഞ്ചരിച്ചിരുന്ന തമിഴ്നാട് സ്വദേശി അദിത്ത് (29) എന്നയാളും അപകടത്തിൽ മരിച്ചു. സംഭവത്തിൽ കെജി ചാവടി പൊലീസ് അന്വേഷണം ആരംഭിച്ചു.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.

