Image default
Uncategorized

കൊല്ലത്ത് ഉത്സവാഘോഷത്തിനിടെ നൃത്തം ചെയ്യവെ കാലില്‍ ചവിട്ടിയെന്ന് ആരോപിച്ച്‌ 19 കാരനെ കുത്തിക്കൊന്നു

0:00

കൊല്ലത്ത് ഉത്സവാഘോഷത്തിനിടെ നൃത്തം ചെയ്യവെ കാലില്‍ ചവിട്ടിയെന്ന് ആരോപിച്ച്‌ 19 കാരനെ കുത്തിക്കൊന്നു

കൊല്ലം:ഉത്സവാഘോഷത്തിനിടെ ഫ്ലോട്ടിനുമുന്നില്‍ നൃത്തം ചെയ്യുന്നതിനിടെ കാലില്‍ ചവിട്ടിയെന്ന് ആരോപിച്ച്‌ 19കാരനെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി.
മുഖത്തല കിഴവൂർ സജീവ് മന്ദിരത്തില്‍ പരേതനായ സജീവിന്റെ മകൻ അമ്പാടി എന്ന തേജസിനെ(19) ആണ് ഒരു സംഘം കുത്തി കൊലപ്പെടുത്തിയത്. പ്രതികളെ ഇവരുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് കൊട്ടിയം പോലീസ് പിടികൂടി. കിഴവൂർ സ്വദേശികളായ ടുട്ടു എന്ന ആദിത്യൻ(19), വിനു(26), പ്രിജിത്, അഖില്‍രാജ്(29) എന്നിവരും പ്രായപൂർത്തിയാകാത്ത 2 പേരുമാണ് പിടിയിലായത്.

ശനിയാഴ്ച രാത്രി 8.30ന് മുഖത്തല കിഴവൂരുള്ള ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉത്സവ കെട്ടുകാഴ്ചയിക്കിടെയാണ് ആക്രമണം. പ്രതികളുടെ വീടിനു സമീപത്തു കൂടി കടന്നു പോകുകയായിരുന്ന ഫ്ലോട്ടിനു മുന്നില്‍ കളിക്കുകയായിരുന്ന തേജസ് അക്രമികളുടെ കാലില്‍ അറിയാതെ ചവിട്ടി. ഇതില്‍ പ്രകോപിതരായ ആദിത്യനും സുഹത്തുക്കളും തേജസിനെ വളഞ്ഞിട്ട് മർദിച്ചു. കൈവശം കരുതിയിരുന്ന കത്തി കൊണ്ട് ആദിത്യൻ തേജസിന്റെ വയറ്റിലും ഇടുപ്പിലും 3 തവണ കുത്തുകയായിരുന്നു. കുത്തുമ്പോള്‍ പ്രായപൂർത്തിയാകാത്ത പ്രതികളില്‍ ഒരാള്‍ തേജസിനെ പിടിച്ചു വച്ചു കൊടുക്കുകയും ചെയ്തു. കാതടപ്പിക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്ന ബോക്സുകള്‍ ഘടിപ്പിച്ച ഫ്ലോട്ടില്‍ എല്‍ഇഡി കളർ ലൈറ്റുകളും ഉണ്ടായിരുന്നതിനാല്‍ തേജസിനെ കുത്തുന്നതും അവന്റെ നിലവിളിയും ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.
സംഭവത്തിനുശേഷം പ്രതികള്‍ സ്ഥലത്തു നിന്ന് മുങ്ങി. നൃത്തം ചെയ്യുന്നതിനിടെ റോഡില്‍ വീണതാകാം എന്ന ധാരണയില്‍ ഫ്ലോട്ട് കടന്നു പോയ ശേഷം ചിലർ തേജസിനെ റോഡരികിലേക്ക് നീക്കി കിടത്തി. ഇതു കണ്ടു വന്ന തേജസിന്റെ സുഹൃത്തുക്കള്‍ എന്തുപറ്റിയെന്ന് അവനോട് ചോദിച്ചു. തന്നെ ആരോ പിന്നില്‍ നിന്ന് കുത്തിപരുക്കേല്‍പ്പിച്ചെന്നും ഉടൻ ആശുപത്രിയിലേക്ക് കൊണ്ടു പോകാനും ആവശ്യപ്പെട്ടു. തുടർന്ന് സുഹൃത്തുക്കള്‍ അതുവഴി വന്ന പല വാഹനങ്ങള്‍ക്ക് കൈകാണിച്ചിട്ടും പലരും വാഹനം നിർത്താൻ തയാറായില്ല. പിന്നീട് അതുവഴി ഐസ് കൊണ്ടു വന്ന പിക് അപ് ഓട്ടോറിക്ഷയില്‍ പാലത്തറ സഹകരണ ആശുപത്രിയില്‍ തേജസിനെ എത്തിക്കുകയായിരുന്നു. സ്ഥിതി ഗുരുതരമായതോടെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റി. രാത്രി 11.30ഓടെ തേജസ് മരിച്ചു.

ഒളിവില്‍ പോയ പ്രതികള്‍ക്കായി ചാത്തന്നൂർ എസിപി അനുരൂപിന്റെ നേതൃത്വത്തില്‍ കൊട്ടിയം ഇൻസ്പെക്ടർ അജിത്കുമാർ, എസ്‌ഐ കെ സൗരവ്, സിപിഒ ഹരീഷ്, ഡാൻസാഫ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള വൻ പോലീസ് സംഘം പലഭാഗങ്ങളിലേക്ക് തിരച്ചില്‍ ആരംഭിച്ചു. ഒടുവില്‍ പുലർച്ചെ 4.30ന് വെളിച്ചിക്കാലയിലുള്ള അഖില്‍ രാജിന്റെ വീട്ടില്‍ നിന്ന് 5 പേരെ പിടികൂടുകയായിരുന്നു. പ്രതികള്‍ക്ക് അഭയം നല്‍കിയതിന് അഖിലിനെയും അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത 2 പേരെ ജുവൈനല്‍ കോടതിയില്‍ ഹാജരാക്കി. മറ്റ് 4 പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related post

എക്സൈസ് സംഘത്തിനുനേരെ 20 വളർത്തുനായകളെ തുറന്നുവിട്ട് രക്ഷപ്പെടാൻ ശ്രമം; കഞ്ചാവ് കേസിലെ പ്രതി പിടിയിൽ

Time to time News

കടപ്പാറ ഭൂമി പ്രശ്നം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മന്ത്രിമാരെ കണ്ടു

Time to time News

തെരുവുനായ കടിച്ചുപൊട്ടിച്ച ചെരിപ്പ്; ഉപഭോക്താവിന് 5000 രൂപ നഷ്ടപരിഹാരവും പുതിയ ചെരിപ്പും നൽകാൻ നിർദേശം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."