പോക്സോ കേസ്: രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ പ്രതിയെ നിരപരാധിയെന്ന് കണ്ട് കോടതി വെറുതെവിട്ടു

പാലക്കാട്: പോക്സോ കേസിൽ പ്രതിയാക്കപ്പെട്ട യുവാവിനെ രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിയെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് വിധി പ്രസ്താവിച്ചത്.
2024 മെയ് മാസത്തിൽ അട്ടപ്പാടി ആനക്കൽ ഊരിൽ 10 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയെ തുടർന്നാണ് പാലക്കാട് പുതുപ്പരിയാരം സ്വദേശി തവക്കൽ വീട്ടിൽ ബദറുദ്ദീനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് ബദറുദ്ദീനെ പ്രതിയാക്കിയിരുന്നു.
കേസിൽ പ്രതിയാക്കപ്പെട്ടതുമുതൽ ബദറുദ്ദീനും കുടുംബാംഗങ്ങളും വലിയ സാമൂഹികവും മാനസികവുമായ പ്രതിസന്ധികളാണ് നേരിട്ടത്. കേസിന്റെ പേരിൽ നാട്ടുകാരുടെയും പരിചയക്കാരുടെയും ഇടയിൽ അവഗണനയും സംശയദൃഷ്ടിയും നേരിടേണ്ടി വന്നതായി കുടുംബം പറയുന്നു. താൻ നിരപരാധിയാണെന്നും ആരോപിക്കപ്പെടുന്ന സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും, ആരോപിക്കപ്പെടുന്ന കാലയളവിൽ താൻ ആ പ്രദേശത്ത് ഒരിക്കൽ പോലും പോയിട്ടില്ലെന്നും ബദറുദ്ദീൻ തുടക്കം മുതൽ ആവർത്തിച്ച് പറഞ്ഞിരുന്നുവെന്നാണ് പ്രതിഭാഗം വ്യക്തമാക്കുന്നത്.
കേസിന്റെ വിചാരണ വേളയിൽ പ്രോസിക്യൂഷൻ 28 സാക്ഷികളെ വിസ്തരിച്ചു. എന്നാൽ ആരോപണവിധേയമായ കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി വിലയിരുത്തി.
അതേസമയം, പ്രതിഭാഗം പ്രതിയുടെ നിരപരാധിത്വം തെളിയിക്കുന്നതിനായി വിവിധ തെളിവുകൾ കോടതിയിൽ ഹാജരാക്കി. സംഭവമെന്ന് ആരോപിക്കപ്പെടുന്ന സമയത്ത് പ്രതിയുടെ മൊബൈൽ ഫോൺ നമ്പറിന്റെ ടവർ ലൊക്കേഷൻ സംഭവസ്ഥലത്തോ സമീപപ്രദേശങ്ങളിലോ രേഖപ്പെടുത്തിയിട്ടില്ലെന്ന് തെളിയിക്കുന്നതിനായി ബന്ധപ്പെട്ട ടെലികോം കമ്പനിയുടെ നോഡൽ ഓഫീസറെയും പ്രതിഭാഗം സാക്ഷിയായി വിസ്തരിച്ചു. ഈ തെളിവുകൾ കേസിന്റെ നിർണായക ഘടകങ്ങളിലൊന്നായി മാറിയതായി നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
പ്രോസിക്യൂഷൻ ഹാജരാക്കിയ സാക്ഷിമൊഴികളും രേഖകളും പ്രതിഭാഗം സമർപ്പിച്ച തെളിവുകളും വിശദമായി പരിശോധിച്ച ശേഷമാണ് ബദറുദ്ദീനെതിരായ ആരോപണങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി കണ്ടെത്തിയത്. തുടർന്ന് പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിടാൻ കോടതി ഉത്തരവിടുകയായിരുന്നു.
കേസിൽ ബദറുദ്ദീനുവേണ്ടി അഡ്വ. എം. മുഹമ്മദ് റാഷിദ് കോടതിയിൽ ഹാജരായി. രണ്ട് വർഷത്തോളം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിൽ ലഭിച്ച കോടതി വിധി ബദറുദ്ദീനും കുടുംബാംഗങ്ങൾക്കും വലിയ ആശ്വാസമായി.

