എസ്ഡിപിഐ പ്രവർത്തന ഫണ്ട് ജില്ലാതല ഉദ്ഘാടനം നാളെ പാറയിൽ

പാലക്കാട്: എസ്ഡിപിഐയുടെ 2026-27 വർഷത്തെ പ്രവർത്തന ഫണ്ട് ശേഖരണത്തിന്റെ പാലക്കാട് ജില്ലാതല ഉദ്ഘാടനം ജൂൺ 22-ന് മലമ്പുഴ നിയോജക മണ്ഡലത്തിലെ പാറയിൽ നടക്കും. ഷഹീദ് സുബൈറിന്റെ പിതാവ് അബൂബക്കറിൽ നിന്നും ആദ്യഘട്ട പ്രവർത്തന ഫണ്ട് ഏറ്റുവാങ്ങി എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് ഷഹീർ ചാലിപ്പുറം പ്രവർത്തന ഫണ്ട് ക്യാമ്പയിൻ ഉദ്ഘാടനം നിർവഹിക്കും.
ജനകീയ രാഷ്ട്രീയ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, സാമൂഹിക ഇടപെടലുകൾ വിപുലപ്പെടുത്തുക, സേവന-രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ജില്ലയിൽ പ്രവർത്തന ഫണ്ട് ശേഖരണ ക്യാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, മണ്ഡലം ഭാരവാഹികൾ, പഞ്ചായത്ത്-ബ്രാഞ്ച് നേതാക്കൾ, പ്രവർത്തകർ എന്നിവർ പങ്കെടുക്കുന്ന ചടങ്ങാണ് പാറയിൽ നടക്കുന്നത്.
പ്രവർത്തന ഫണ്ട് ശേഖരണത്തിന് ജില്ലയിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും സാമൂഹ്യനീതി ആഗ്രഹിക്കുന്നവരുടെയും അകമഴിഞ്ഞ പിന്തുണ ഉണ്ടാകണമെന്ന് ജില്ലാ പ്രസിഡന്റ് ഷഹീർ ചാലിപ്പുറം അഭ്യർഥിച്ചു. ജനങ്ങളുടെ അവകാശങ്ങൾക്കായി നിരന്തരം ഇടപെടുകയും അധസ്ഥിത-പിന്നോക്ക ജനവിഭാഗങ്ങളുടെ ശബ്ദമായി പ്രവർത്തിക്കുകയും ചെയ്യുന്ന എസ്ഡിപിഐയുടെ പ്രവർത്തനങ്ങൾക്ക് പൊതുസമൂഹത്തിന്റെ പിന്തുണ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാതല ഉദ്ഘാടനത്തിന് ശേഷം മണ്ഡലം, പഞ്ചായത്ത്, ബ്രാഞ്ച് തലങ്ങളിൽ വിപുലമായ പ്രവർത്തന ഫണ്ട് ശേഖരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു.


