കടപ്പാറ ഭൂമി പ്രശ്നം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മന്ത്രിമാരെ കണ്ടു

തിരുവനന്തപുരം: മംഗലം മൂർത്തിക്കുന്നിലെ കടപ്പാറ പ്രദേശത്ത് ഭൂമിക്കായി ഒരു പതിറ്റാണ്ടിലേറെയായി സമരം നടത്തുന്ന ആദിവാസി കുടുംബങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആദിവാസി സമരനേതാക്കളും വെൽഫെയർ പാർട്ടി നേതാക്കളും സംസ്ഥാന മന്ത്രിമാരെ സന്ദർശിച്ച് നിവേദനം സമർപ്പിച്ചു.
റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാറിനും പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി തുളസി ടീച്ചർക്കുമാണ് നിവേദനം നൽകിയത്. വെൽഫെയർ പാർട്ടി പാലക്കാട് ജില്ലാ വൈസ് പ്രസിഡണ്ട് എം. സുലൈമാൻ, ജില്ലാ സെക്രട്ടറി ഷെരീഫ് പള്ളത്ത്, ഭൂസമരസമിതി കോ-ഓർഡിനേറ്റർ കെ.കെ. ഷാജഹാൻ, ആദിവാസി ഊരുമൂപ്പൻ വാസു കടപ്പാറ, വി. വസന്ത, രാജി രാജൻ, സന്ധ്യ മുരളി, ഹമീദ് ആലത്തൂർ, മുഹമ്മദ് ഷെരീഫ് യു. എന്നിവർ സംഘത്തിലുണ്ടായിരുന്നു.
കടപ്പാറയിലെ ആദിവാസി കുടുംബങ്ങൾ ഭൂമിക്കായുള്ള സമരം ആരംഭിച്ച് ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടായിട്ടില്ലെന്ന് നേതാക്കൾ മന്ത്രിമാരെ ധരിപ്പിച്ചു. വിവിധ ഘട്ടങ്ങളിലായി സർക്കാർ തലത്തിൽ ചർച്ചകളും സർവേ നടപടികളും നടന്നിട്ടുണ്ടെങ്കിലും ഭൂമി ലഭ്യമാക്കുന്നതിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ഭൂമി എന്ന ന്യായമായ അവകാശത്തിനായി പോരാടുന്ന ആദിവാസി കുടുംബങ്ങൾ ഇന്നും ദുരിതപൂർണമായ സാഹചര്യങ്ങളിൽ കഴിയുകയാണെന്നും വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് നീതി ഉറപ്പാക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കിയ മന്ത്രിമാർ പ്രദേശം സന്ദർശിച്ച് വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതായി നേതാക്കൾ അറിയിച്ചു. പുതിയ സർക്കാരിൽ കടപ്പാറയിലെ ഭൂമി പ്രശ്നത്തിന് ശാശ്വത പരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയും അവർ പ്രകടിപ്പിച്ചു.

