പാലക്കാട് ജില്ലാ ആശുപത്രിയിലെ ഫോറന്‍സിക് സര്‍ജന്‍ ഒഴിവുകള്‍ അടിയന്തരമായി നികത്തണം: എസ്ഡിപിഐ

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഫോറന്‍സിക് സര്‍ജന്മാരുടെ അഭാവം മൂലം പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് ഒഴിവുകള്‍ നികത്തണമെന്നും ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്നും എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് സഹീര്‍ ചാലിപ്പുറം ആവശ്യപ്പെട്ടു.
ഒരാഴ്ചയിലധികമായി ജില്ലാ ആശുപത്രിയില്‍ ഫോറന്‍സിക് സര്‍ജനില്ലാത്തതിനെ തുടര്‍ന്ന്, മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി തൃശൂരിലേക്ക് കൊണ്ടുപോകേണ്ട ഗതികേടിലാണ് ജനങ്ങള്‍. ഇത് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കടുത്ത മാനസിക പ്രയാസവും അധിക സാമ്പത്തിക ബാധ്യതയുമാണ് ഉണ്ടാക്കുന്നത്. പ്രത്യേകിച്ച് സാധാരണക്കാരായ കുടുംബങ്ങള്‍ ഇതിനാല്‍ ഇരട്ടി ദുരിതമാണ് അനുഭവിക്കുന്നത്.
ജില്ലാ ആശുപത്രിയിലെ ഫോറന്‍സിക് വിഭാഗത്തില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഒഴിവുകള്‍ നികത്തുന്നതില്‍ സര്‍ക്കാര്‍ ഗുരുതരമായ അനാസ്ഥയാണ് കാട്ടുന്നത്. ഇവിടെയുണ്ടായിരുന്ന രണ്ട് ഫോറന്‍സിക് സര്‍ജന്മാരെ സ്ഥലംമാറ്റിയിട്ടും പകരം നിയമനം നടത്താന്‍ തയ്യാറാകാത്തത് ആരോഗ്യവകുപ്പിന്റെ വീഴ്ചയാണ് വ്യക്തമാക്കുന്നത്. ഒരു ജില്ലയിലെ പ്രധാന ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം പോലും നടത്താന്‍ കഴിയാത്ത അവസ്ഥ അത്യന്തം പ്രതിഷേധാര്‍ഹമാണ്.
ജനങ്ങളുടെ അടിസ്ഥാന ആരോഗ്യസേവനങ്ങള്‍ ഉറപ്പാക്കാന്‍ ബാധ്യസ്ഥരായ സര്‍ക്കാര്‍, ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിച്ച് ഫോറന്‍സിക് സര്‍ജന്മാരെ നിയമിക്കണം. ഫോറന്‍സിക് വിഭാഗത്തിന്റെ പ്രവര്‍ത്തനം എത്രയും വേഗം സാധാരണ നിലയിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തപക്ഷം, ശക്തമായ ജനകീയ പ്രതിഷേധ പരിപാടികളുമായി എസ്ഡിപിഐ മുന്നോട്ടുപോകുമെന്നും സഹീര്‍ ചാലിപ്പുറം മുന്നറിയിപ്പ് നല്‍കി.

