ഒലവക്കോട് കാർ ആക്രമണക്കേസ്: അഞ്ചംഗ സംഘം പിടിയിൽ

പാലക്കാട്: ഒലവക്കോട് റെയിൽവേ മേൽപ്പാലത്തിന് സമീപം തേങ്ങ വ്യാപാരികളായ മലപ്പുറം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ ആക്രമിച്ച് പണവും വാഹനവും കവർന്ന കേസിൽ അഞ്ചംഗ സംഘത്തെ പൊലീസ് പിടികൂടി. തൃശൂർ സ്വദേശി ഡാനി (26), ചേർത്തല സ്വദേശികളായ ഒ.വി. വിഷ്ണു (28), അർജുൻ (27), പ്രേംജിത് (26), സുജി (25) എന്നിവരെയാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
മുന്നാർ വട്ടവട കോവിലൂരിന് സമീപത്തെ സ്വകാര്യ റിസോർട്ടിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ടൗൺ നോർത്ത് എസ്.ഐ. രോഹിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
പ്രതികൾ തട്ടിയെടുത്ത കാർ തൃശൂർ പുതുക്കാട് ചെങ്ങാലൂരിലെ മാട്ടുമലയിൽ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കാറിന്റെ സീറ്റുകൾ ഉൾപ്പെടെയുള്ള ഉൾഭാഗങ്ങൾ പൂർണമായും കുത്തിക്കീറി നശിപ്പിച്ച നിലയിലായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പുതുക്കാട് പൊലീസ് നടത്തിയ പരിശോധനയിലാണ് വാഹനം പാലക്കാട് നിന്ന് തട്ടിയെടുത്തതാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കാർ പാലക്കാട്ടേക്ക് എത്തിച്ചു.
കാർ കണ്ടെത്തിയതിനു പിന്നാലെ പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സംഘം വട്ടവടയിലേക്ക് കടന്നതായി പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കോവിലൂരിന് സമീപത്ത് നിന്ന് പ്രതികളെ പിടികൂടിയത്. ഇതിൽ രണ്ട് പേർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ദേവികുളം പൊലീസിന്റെ സഹായത്തോടെ സമീപത്തെ കൃഷിയിടത്തിൽ നിന്ന് ഇവരെയും പിടികൂടി.
ഈ മാസം 5-ന് പുലർച്ചെയാണ് സംഭവം. കോഴിക്കോട്–പാലക്കാട് ദേശീയപാതയിലൂടെ കാറിൽ സഞ്ചരിച്ചിരുന്ന മലപ്പുറം താമി മഠത്തിൽ സ്വദേശികളായ ഷഹീർ, സൽമാൻ ഖാരിസ്, നിഖിൽ, മുഹമ്മദ് എന്നിവരുടെ വാഹനത്തിൽ പ്രതികൾ സഞ്ചരിച്ച കാർ ഇടിപ്പിച്ച ശേഷം ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ യുവാക്കൾക്ക് പരിക്കേറ്റിരുന്നു.
തുടർന്ന് ഏകദേശം 30 ലക്ഷം രൂപ വിലവരുന്ന കാറും കൈവശമുണ്ടായിരുന്ന 15,000 രൂപയും രണ്ട് ലക്ഷം രൂപ വിലവരുന്ന മൂന്ന് ഐഫോണുകളും കവർന്നെടുത്ത് സംഘം രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിൽ നിർണായക തെളിവുകൾ ശേഖരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതികളെ കണ്ടെത്താൻ സഹായിച്ചതെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.


