സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു. ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു ബി മുരാരി ബാബു. അര്‍ബുധ ബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചങ്ങനാശേരി പെരുന്ന സ്വദേശിയാണ്.
ദ്വാരപാലക ശില്‍പ്പ കേസിലും കട്ടിളപാളി കേസിലും ഒന്നിച്ച് അറസ്റ്റിലായ മുരാരി ബാബു 90 ദിവസത്തോളം ജയില്‍വാസം അനുഭവിച്ചിരുന്നു. 90 ദിവസം കഴിഞ്ഞിട്ടും എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ പിന്നീട് മുരാരി ബാബുവിന് സ്വഭാവിക ജാമ്യം ലഭിക്കുകയായിരുന്നു.
സ്വര്‍ണ്ണക്കൊള്ള കേസില്‍ ആരോപണം ഉയര്‍ന്നതിന് പിന്നാലെ മുരാരി ബാബുവിനെ ദേവസ്വം ബോര്‍ഡ് സസ്പെന്‍ഡ് ചെയ്തിരുന്നു. സ്വര്‍ണപ്പാളിയെ ചെമ്പുപാളി എന്നെഴുതിയതിനാണ് നടപടിയെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറഞ്ഞിരുന്നത്. തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയതെന്നും ബോര്‍ഡിന്റെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കില്ലെന്നുമായിരുന്നു നടപടിക്ക് പിന്നാലെ മുരാരി ബാബുവിന്റെ പ്രതികരണം.
സിഐടിയു നിയന്ത്രണത്തിലുള്ള തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ അംഗമായിരുന്നു മുരാരി ബാബു.തുടക്കത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ദേവസ്വം ജീവനക്കാരുടെ സംഘടനയ്ക്കൊപ്പമായിരുന്നു മുരാരി ബാബു. റഫറണ്ടത്തില്‍ ആ സംഘടനയുടെ അംഗീകാരം നഷ്ടമായതോടെയാണ് മുരാരി ബാബു സിഐടിയു നിയന്ത്രണത്തിലുള്ള തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ അംഗമാകുന്നത്. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ രണ്ടാം പ്രതിയായിരുന്നു. സ്വര്‍ണപ്പാളി ചെമ്പാണെന്ന രേഖ ആദ്യം തയാറാക്കിയത് മുരാരി ബാബുവായിരുന്നു. രേഖ തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് മുരാരി ബാബു നല്‍കിയ മൊഴി ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ദേവസ്വം കമ്മിഷണറുടെയുമെന്നും അനുമതിയില്ലാതെ താന്‍ എഴുതി നല്‍കിയെന്ന പേരില്‍ ഒരു പ്രവൃത്തിയും നടക്കില്ലെന്നായിരുന്നു മുരാരി ബാബുവിന്റെ മൊഴി.

