Image default
Uncategorized

പന്ത്രണ്ടുകാരിയുടെ മരണം: അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി; ജില്ലയിലെ 23 കുട്ടികളുടെ ദുരൂഹമരണങ്ങളിലും പ്രാഥമിക പരിശോധന

0:00

പന്ത്രണ്ടുകാരിയുടെ മരണം: അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി; ജില്ലയിലെ 23 കുട്ടികളുടെ ദുരൂഹമരണങ്ങളിലും പ്രാഥമിക പരിശോധന

പാലക്കാട് കൊല്ലങ്കോട് പന്ത്രണ്ടുകാരി മരിച്ച സംഭവത്തില്‍ പത്ത് വര്‍ഷമായിട്ടും വ്യക്തതയുണ്ടാകാത്ത ക്രൈംബ്രാഞ്ച് അന്വേഷണം അടിയന്തരമായി സിബിഐക്ക് കൈമാറാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു. മരണപ്പെടുന്നതിന് മുന്‍പ് പെണ്‍കുട്ടി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായിരുന്നുവെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് കേസ് കേന്ദ്ര ഏജന്‍സിക്ക് വിട്ടത്. ഇതിനൊപ്പം, കഴിഞ്ഞ 13 വര്‍ഷത്തിനിടെ ജില്ലയില്‍ നടന്ന സമാനമായ 23 കുട്ടികളുടെ അസ്വാഭാവിക മരണങ്ങളിലും പ്രാഥമിക അന്വേഷണം നടത്താന്‍ സിബിഐക്ക് കോടതി അനുമതി നല്‍കി.ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍, ജസ്റ്റിസ് ശ്യാം കുമാര്‍ വി.എം. എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. കൊല്ലങ്കോട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത് നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിന്റെ അവസ്ഥാ റിപ്പോര്‍ട്ട് കോടതി വിശദമായി പരിശോധിച്ചിരുന്നു. എന്നാല്‍ പത്തു വര്‍ഷമായിട്ടും കേസില്‍ കാര്യമായ പുരോഗതിയോ വ്യക്തതയോ വരുത്താന്‍ സംസ്ഥാന ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ കോടതി നിര്‍ദേശിച്ചത്.പാലക്കാട് ജില്ലയിലെ കുട്ടികളുടെ ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതിയുടെ ഈ ശക്തമായ നടപടി. പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത് കുമാര്‍ ഐപിഎസ് സാക്ഷ്യപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച വസ്തുതാവിവരണ പത്രികയിലെ 23 കുട്ടികളുടെ മരണങ്ങളെക്കുറിച്ചാണ് സിബിഐ ഇനി പ്രാഥമികമായി അന്വേഷിക്കുക.സിബിഐ കോടതിയില്‍ മറുപടി നല്‍കുന്നതിന് മുന്‍പായി, കേസ് ഡയറികളും മറ്റ് നിര്‍ണായക വിവരങ്ങളും ശേഖരിക്കുന്നതിനായി സംസ്ഥാന പോലീസ് ആസ്ഥാനത്തും പാലക്കാട് ജില്ലാ പോലീസ് മേധാവിയുമായും നേരിട്ട് ബന്ധപ്പെടാന്‍ സിബിഐക്ക് അനുവാദം നല്‍കിയിട്ടുണ്ട്. കുട്ടികളുടെ ഇത്തരം തുടര്‍ച്ചയായ അസ്വാഭാവിക മരണങ്ങള്‍ക്ക് പിന്നില്‍ ചില പ്രത്യേക സാമൂഹിക ഘടകങ്ങള്‍ കാരണമായിട്ടുണ്ടാകാമെന്ന് കോടതി മുന്‍പ് നിരീക്ഷിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ കക്ഷിചേര്‍ന്ന കേരള സംസ്ഥാന നിയമ സേവന അതോറിറ്റി (കെല്‍സ), കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ബോധവല്‍ക്കരണ പരിപാടികള്‍ ശക്തമാക്കുന്നതിനുമായി തയ്യാറാക്കിയ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചു. ഇത് കോടതി ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കേസില്‍ തുടര്‍നടപടികള്‍ക്കായി കോടതി കേസ് വരും ഓഗസ്റ്റ് ആറിലേക്ക് മാറ്റിവെച്ചു.

Related post

പൂക്കച്ചവടത്തിന്റെ മറവിൽ ലഹരി വ്യാപാരമോ? 32.99 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

Time to time News

എസ്എച്ച്ഒ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Time to time News

ബിരിയാണിക്ക് വില കൂടി; ഫ്രീഡം ഫുഡിന്റെ പുതിയ നിരക്കുകള്‍ നിലവില്‍ വന്നു

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."