Image default
Uncategorized

പൊലീസ് കസ്റ്റഡിയിലെ മർദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കസ്റ്റഡി മർദനാരോപണം

0:00

പൊലീസ് കസ്റ്റഡിയിലെ മർദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കസ്റ്റഡി മർദനാരോപണം

കൊല്ലം: പൊലീസ് കസ്റ്റഡിയിൽ ക്രൂരമായി മർദിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ച സംഭവത്തിൽ കസ്റ്റഡി മർദനാരോപണം ഉയർന്നു. കുണ്ടറ കുരീപ്പള്ളി കുളത്തിൻകര കടയിൽ വീട്ടിൽ ബദറുദ്ദീന്റെയും ആരിഫ ബീവിയുടെയും മകൻ സിയാദ് (36) ആണ് മരിച്ചത്.
ജൂൺ 16-ന് അർധരാത്രിയോടെ അയൽവാസിയായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കാണാതായെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുന്നതിനായി കുണ്ടറ പൊലീസ് സിയാദിനെ പെരുമ്പുഴയിലെ ഭാര്യവീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു. അപസ്‌മാരത്തിനുള്ള മരുന്ന് കഴിച്ച് ഉറങ്ങുകയായിരുന്നുവെന്ന് ഭാര്യ അറിയിച്ചിട്ടും എസ്.ഐ അതുൽ, സിവിൽ പൊലീസ് ഓഫീസർ ശ്രീജിത് എന്നിവർ ചേർന്ന് ബലമായി ജീപ്പിൽ കയറ്റിക്കൊണ്ടുപോയെന്നാണ് കുടുംബം ആരോപിക്കുന്നത്.
സ്റ്റേഷനിലേക്ക് പോകുന്നതിനിടെ കോവിൽമുക്കിൽ വാഹനം നിർത്തി സിയാദിനെ ക്രൂരമായി മർദിച്ചതായി പരാതിക്കാരിയായ പെൺകുട്ടി പിന്നീട് സിയാദിന്റെ ഭാര്യ സാലിയയോട് പറഞ്ഞതായി കുടുംബം പറയുന്നു. സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ പതിയാതിരിക്കാനാണ് വഴിമധ്യേ മർദിച്ചതെന്നും ആരോപണമുണ്ട്.
ജൂൺ 17-ന് പുലർച്ചെ സിയാദ് ഭാര്യയെ ഫോണിൽ വിളിച്ച് പൊലീസ് ഉപദ്രവിച്ചതായും റിമാൻഡ് ചെയ്യുമെന്ന് അറിയിച്ചതായും ഉടൻ സ്റ്റേഷനിലെത്തണമെന്നും പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. ഇതിനിടെ കാണാതായിരുന്ന ആൺകുട്ടി പിതാവിനൊപ്പം സ്റ്റേഷനിലെത്തി, സഹോദരിയുമായി വഴക്കുണ്ടാക്കി മാറിനിന്നതാണെന്നും സംഭവത്തിൽ സിയാദിന് പങ്കില്ലെന്നും മൊഴി നൽകിയതിനെ തുടർന്ന് സിയാദിനെ വിട്ടയച്ചതായും കുടുംബം അറിയിച്ചു.
തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട സിയാദ് സമീപത്തെ പ്രാഥമികാരോഗ്യകേന്ദ്രം, കുണ്ടറ താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടി. വിശദ പരിശോധനയിൽ വാരിയെല്ലിന് പൊട്ടലും അണുബാധയും കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ജൂൺ 25-ന് അദ്ദേഹം മരിച്ചു.
സംഭവത്തിൽ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. സ്വകാര്യ ബസ് ഡ്രൈവറായിരുന്ന സിയാദിന്റെ മൃതദേഹം വീട്ടുവളപ്പിൽ ഖബറടക്കി. ഭാര്യ: സാലിയ. മക്കൾ: മുഹമ്മദ് അമീൻ, ആയിഷ.

Related post

തൃശ്ശൂർ മെഡിക്കൽ കോളേജിൽ റുമറ്റോളജി സേവനം പുനഃസ്ഥാപിക്കണം; വാതരോഗികളുടെ ജീവൻ വെച്ച് പരീക്ഷിക്കരുത്: സൈജോ കണ്ണനായ്ക്കൽ

Time to time News

സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

Time to time News

ധർമേന്ദ്ര പ്രധാൻ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; പാർലമെന്റിലും വിഷയം ഉയർത്താൻ പ്രതിപക്ഷം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."