തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി;ആൺസുഹൃത്തിന് ക്രൂരമർദ്ദനം; പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതം

കോയമ്പത്തൂർ: വിദ്യാർഥിനിയായ 19-കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. കോയമ്പത്തൂർ വിമാനത്താവളത്തിന് സമീപം വൃന്ദാവൻ നഗറിൽ വെച്ച് കഴിഞ്ഞ രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം. ആൺസുഹൃത്തിനൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെ ബൈക്കിലെത്തിയ അക്രമിസംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു.അക്രമം ചെറുക്കാൻ ശ്രമിച്ച ആൺസുഹൃത്തിനെ സംഘം ക്രൂരമായി മർദ്ദിച്ചവശനാക്കി. ഉടൻ തന്നെ ഇദ്ദേഹം പൊലിസിൽ വിവരമറിയിച്ചു.പൊലിസ് ഉടൻ തന്നെ വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള ഒരു സ്വകാര്യ കോളേജിന് സമീപത്തുവെച്ച് നഗ്നയാക്കി ഉപേക്ഷിച്ച നിലയിലാണ് പെൺകുട്ടിയെ പിന്നീട് കണ്ടെത്തിയത്.പുലർച്ചെ നാല് മണിയോടെ പെൺകുട്ടിയെ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ ആൺസുഹൃത്തിനെ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.കോയമ്പത്തൂർ, കോവിൽപാളയത്തിന് സമീപത്തുനിന്ന് ഇരുചക്ര വാഹനം മോഷ്ടിച്ച സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലിസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി ഏഴ് അംഗ പൊലിസ് സംഘത്തെ നിയോഗിച്ചതായി അധികൃതർ അറിയിച്ചു. പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.

