Image default
Uncategorized

ചുണ്ണാമ്പുതറ റെയിൽവേ അടിപ്പാത ദുരിതം: പരിഹാരമില്ലാതെ വെള്ളക്കെട്ടും ദുർഗന്ധവും; ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങി എസ്.ഡി.പി.ഐ

0:00

ചുണ്ണാമ്പുതറ റെയിൽവേ അടിപ്പാത ദുരിതം: പരിഹാരമില്ലാതെ വെള്ളക്കെട്ടും ദുർഗന്ധവും; ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങി എസ്.ഡി.പി.ഐ

പാലക്കാട്: ചുണ്ണാമ്പുതറ–അയ്യപുരം റോഡിലെ റെയിൽവേ അടിപ്പാതയിൽ മാസങ്ങളായി തുടരുന്ന വെള്ളക്കെട്ടും ദുർഗന്ധവും പ്രദേശവാസികളുടെ ജീവിതം ദുസ്സഹമാക്കുന്നതായി എസ്.ഡി.പി.ഐ പാലക്കാട് മണ്ഡലം പ്രസിഡന്റ് ഒ.എച്ച്. ഖലീൽ പറഞ്ഞു. മഴക്കാലത്ത് മാത്രമല്ല, വേനൽക്കാലത്തും അടിപ്പാതയിൽ മലിനജലം കെട്ടിക്കിടക്കുന്നത് യാത്രക്കാർക്കും നാട്ടുകാർക്കും വലിയ ദുരിതമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് നഗരപ്രദേശങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന മാലിന്യജലവും പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റ് മാലിന്യങ്ങളും അടിപ്പാതയിൽ കെട്ടിക്കിടക്കുന്നതിനാൽ കറുത്ത നിറത്തിലുള്ള ദുർഗന്ധമുള്ള വെള്ളമാണ് ഇവിടെ സ്ഥിരമായി നിറഞ്ഞുനിൽക്കുന്നത്. ഇതുവഴി ബൈക്ക് യാത്രക്കാരും കാൽനട യാത്രക്കാരും വലിയ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ മലിനജലം യാത്രക്കാരുടെ മേലേക്ക് തെറിക്കുന്നത് പതിവായിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“കാശിയിലെ പാതി കൽപ്പാത്തി” എന്നറിയപ്പെടുന്ന പ്രദേശത്തേക്കുള്ള പ്രധാന യാത്രാമാർഗമായതിനാൽ വിദ്യാർത്ഥികളും സ്ത്രീകളും ഉൾപ്പെടെയുള്ള നൂറുകണക്കിന് ആളുകൾക്ക് ദിവസേന ഈ ദുരിതം സഹിച്ചുകൊണ്ടാണ് യാത്ര ചെയ്യേണ്ടിവരുന്നതെന്നും, മഴക്കാലത്ത് സ്ഥിതി കൂടുതൽ രൂക്ഷമാകുകയും അപകടസാധ്യതയും പകർച്ചവ്യാധി ഭീഷണിയും ഉയരുകയും ചെയ്യുന്നുണ്ടെന്നും ഖലീൽ പറഞ്ഞു.
നിർമ്മാണത്തിലെ അപാകതയാണോ പ്രശ്നത്തിന് കാരണമെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് നഗരസഭ റെയിൽവേ അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്. നഗരസഭയുടെ നേതൃത്വത്തിൽ ആഴ്ചതോറും ശുചീകരണ പ്രവർത്തനങ്ങളും ചാലുകൾ കീറി വെള്ളം ഒഴുക്കിവിടാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെങ്കിലും ഉറവ നിലയ്ക്കാത്തത് വലിയ തിരിച്ചടിയാകുന്നതായും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഈ പ്രശ്നത്തിൽ റെയിൽവേ അധികൃതർ അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്നും, അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും എസ്.ഡി.പി.ഐ പാലക്കാട് മണ്ഡലം പ്രസിഡന്റ് ഒ.എച്ച്. ഖലീൽ മുന്നറിയിപ്പ് നൽകി.

Related post

കേരളത്തിൽ നാളെ ഹർത്താൽ ആഹ്വാനം ചെയ്‌ത്‌ 52 ഓളം ദലിത് ആദിവാസി സംഘടനകൾ

Time to time News

മകളെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽ കയറി വെട്ടിക്കൊന്ന് പിതാവ്

Time to time News

നെയ്യാറ്റിന്‍കരയില്‍ യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയില്‍

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."