കൊഴിഞ്ഞാമ്പാറയിൽ സിപിഎം വിമതർ രംഗത്തേക്ക്; മാർക്സിസ്റ്റ് ജനാധിപത്യ കൂട്ടായ്മ ശക്തിപ്രകടനത്തിനൊരുങ്ങുന്നു

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ തദ്ദേശ തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് സിപിഎം വിമതർ ശക്തിപ്രകടനത്തിനൊരുങ്ങുകയാണ്. സിപിഎം ഏരിയ കമ്മറ്റി അംഗമായിരുന്ന നിലവിലെ പഞ്ചായത്ത് പ്രസിഡൻറ് എം. സതീഷിന്റെ നേതൃത്വത്തിലാണ് മാർക്സിസ്റ്റ് ജനാധിപത്യ കൂട്ടായ്മ പ്രവർത്തനം ആരംഭിച്ചത്.
“സ്പിരിറ്റ് മാഫിയക്കൊപ്പം നിൽക്കുന്ന സിപിഎം നേതൃത്വത്തിനെതിരെ യഥാർത്ഥ മാർക്സിസ്റ്റുകാർ മുന്നോട്ടുവരുകയാണ്,” എന്ന് എം. സതീഷ് മാധ്യമങ്ങളോട് വ്യക്തമാക്കി.
കഴിഞ്ഞ പാർട്ടി സമ്മേളനത്തിൽ, ഇഷ്ടപ്പെട്ടവരെ മാത്രമാണ് സംഘടനാ സ്ഥാനങ്ങളിൽ നിയമിച്ചതെന്നും, മറ്റു പ്രവർത്തകരെ ഒതുക്കിയതായും അദ്ദേഹം ആരോപിച്ചു. “സ്പിരിറ്റ്, കള്ള് മാഫിയ പാർട്ടിയെ കീഴടക്കിയിരിക്കുകയാണ്,” എന്നും സതീഷ് ആരോപിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം സഹകരിക്കാനുള്ള സാധ്യതകൾ കുറിച്ച് തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ആലോചിക്കാമെന്ന് സതീഷ് വ്യക്തമാക്കി.
അതേസമയം, വിമതരുടെ നീക്കങ്ങളെ നേരിടാൻ സിപിഎം ജില്ലാ നേതൃത്വം തന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്. ഈ നീക്കങ്ങൾ എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടറിയേണ്ടതാണ്

