0:00
പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചു; ചികിത്സാ പിഴവെന്ന് രക്ഷിതാവ്; മരിച്ചത് വണ്ടിത്താവളം സ്വദേശിയുടെ കുഞ്ഞ്

പാലക്കാട്: ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ കുട്ടി മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ. വണ്ടിത്താവളം സ്വദേശിയായ നാരായണൻകുട്ടിയുടെ കുഞ്ഞാണ് മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് മരണത്തിന് കാരണമെന്ന് രക്ഷിതാവ് ആരോപിച്ചു.
ബുധനാഴ്ചയായിരുന്നു സിസേറിയനായി ഡോക്ടർമാർ സമയം നൽകിയത്. എന്നാൽ, ചൊവ്വാഴ്ച രാവിലെ ഭാര്യക്ക് പ്രസവവേദന തുടങ്ങിയപ്പോൾത്തന്നെ ആശുപത്രിയിൽ എത്തിച്ചുവെന്ന് നാരായണൻകുട്ടി പറയുന്നു. പ്രസവസമയത്ത് കുഞ്ഞിന്റെ കാൽ ഭാഗമാണ് ആദ്യം പുറത്തുവന്നതെന്നും അദ്ദേഹം ആരോപിച്ചു.
പ്രസവശേഷം ഉടൻ തന്നെ കുഞ്ഞിനെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. അതേസമയം, ചികിത്സയിൽ തങ്ങൾക്ക് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
