തദ്ദേശ തെരഞ്ഞെടുപ്പ്: എസ്ഡിപിഐ മികച്ച മുന്നേറ്റമുണ്ടാക്കി: സിപിഎ ലത്തീഫ്
കോഴിക്കോട്:പാർട്ടിക്കെതിരെ നിരന്തരം ഭരണകൂട വേട്ട തുടരുമ്പോഴും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞതായി എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. രണ്ട് കോർപ്പറേഷനിലും ഒരു ബ്ലോക്ക് പഞ്ചായത്തിലും എട്ട് നഗരസഭകളിലും 91 ഗ്രാമപഞ്ചായത്തുകളിലുമായി 102 സീറ്റ് നേടി മുന്നണികളോടെപ്പമല്ലാത്ത പാർട്ടികളിൽ ഒന്നാമതെത്താനായി. കണ്ണൂർ കോർപ്പറേഷനിലും തലശ്ശേരി, പൊന്നാനി എന്നീ നഗരസഭകളിലും 19 ഗ്രാമപഞ്ചായത്തുകളിലും പാർട്ടി അക്കൗണ്ട് തുറന്നു. 277 വാർഡുകളിൽ രണ്ടാം സ്ഥാനത്ത് എത്തി. 50ലധികം വാർഡുകളിൽ തുച്ഛമായ വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. 16 പഞ്ചായത്തുകളിലെ ഭരണത്തിന് എസ്ഡിപിഐയുടെ തീരുമാനം നിർണായകമാണ്. എസ്ഡിപിഐയെ പരാജയപ്പെടുത്തുന്നതിനായി ബിജെപിയുമായി ഇരുമുന്നണികളും കൈകോർത്തു. മുസ്ലിം ലീഗ് ബിജെപിയുടെ സഹായം പ്രകടമായി തന്നെ പലയിടത്തും തേടിയിട്ടുണ്ട്. ഇത് മതേതര കേരളത്തിൽ അപകട സൂചനയാണ്. ഇടതു സർക്കാരിൻ്റെ ഭരണ വിരുദ്ധ വികാരം അലയടിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്. മൃതു ഹിന്ദുത്വ നിലപാടും ശബരിമല സ്വർണ്ണക്കൊള്ളയും അമിത നികുതി ഭാരവും ഭരണകൂടത്തിനെതിരായി ജനങ്ങൾ മാറാൻ കാരണമായി. വിശ്വസിക്കാൻ കഴിയാത്തവരായി കോൺഗ്രസ് നേതൃത്വവും മാറി. ഈ സാഹചര്യത്തിൽ ജനങ്ങൾ പുതിയ ബദലിനെ ആഗ്രഹിക്കുന്നതായും കേരളത്തിലെ രാഷ്ട്രീയ പരിസരം അതിന് അനുകൂലമായി വരുന്നതായും സിപിഎ ലത്തീഫ് പറഞ്ഞു. കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് മുസ്തഫ കൊമ്മേരി വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.

