തൂണേരി ഷിബിൻ വധക്കേസ്; പ്രധാന പ്രതികൾക്ക് ജാമ്യം നിഷേധിച്ച് സുപ്രീം കോടതി

ന്യൂഡൽഹി : കോഴിക്കോട് നാദാപുരം തൂണേരിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ചടയങ്കണ്ടി ഷിബിനെ വെട്ടിക്കൊന്ന കേസിലെ പ്രധാന പ്രതികളായ മുസ്ലിം ലീഗുകാർക്ക് ജാമ്യം നിഷേധിച്ച് സുപ്രീംകോടതി. ഒന്നാംപ്രതി തൂണേരി തെയ്യമ്പാടി ഇസ്‌മയിൽ, രണ്ടാം പ്രതിയും ഇസ്‌മയിലിന്റെ സഹോദരനുമായ മുനീർ എന്നിവർക്ക് കൊലപാതകത്തിൽ നേരിട്ടുള്ള പങ്ക് വ്യക്തമാണെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് ജാമ്യം നിഷേധിച്ചത്.
ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച മറ്റ് അഞ്ച് പ്രതികൾക്ക് ജാമ്യമുണ്ട്.നാലുമുതൽ ആറുവരെ പ്രതികളായ വരാങ്കി താഴക്കുനി സിദ്ദിഖ്, മനിയന്റവിട മുഹമ്മദ് അനീസ്, കളമുള്ളതിൽ താഴക്കുനി ശുഹൈബ്, 15–ാംപ്രതി കൊച്ചന്റവിട ജാസിം, 16–ാം പ്രതി കടയംകോട്ടുമ്മൽ അബ്‌ദുസമദ് എന്ന സമദ് എന്നിവർക്കാണ് ജാമ്യം. കേസിലെ പ്രതികളായിരുന്ന 17 ലീഗുകാരെ വിചാരണക്കോടതി വെറുതെ വിട്ടതിനെതിരെ സർക്കാരും ഷിബിന്റെ പിതാവും നൽകിയ അപ്പീൽ പരിഗണിച്ചാണ് ഏഴുപ്രതികൾക്ക് കഴിഞ്ഞ വർഷം ഒക്‌ടോബറിൽ ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷയും 1,10,000 രൂപവീതം പിഴയും വിധിച്ചത്.
ഇതിനെതിരെ പ്രതികൾ അപ്പീൽ സമർപ്പിക്കുകയായിരുന്നു. പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ എതിർത്തു. വിശദമായി കേസ് പരിഗണിച്ച ശേഷമാണ് ഹൈക്കോടതി ശിക്ഷ വിധിച്ചതെന്നും ഉത്തരവിൽ അപാകമില്ലെന്നും സ്റ്റാൻഡിങ് കോൺസൽ സി കെ ശശി വാദിച്ചു.

