വാളയാർ ആൾക്കൂട്ട കൊലപാതകം: പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്, 40ലധികം പരുക്കുകൾ

തൃശൂർ:വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി റാം നാരായണന്റെ പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക പരിശോധനാ ഫലം പുറത്തുവന്നു. തല മുതൽ കാലുവരെയുള്ള ശരീരഭാഗങ്ങളിൽ 40ലധികം മുറിവുകളാണ് കണ്ടെത്തിയത്. തലക്കും ശരീരത്തിനും ഏറ്റ ഗുരുതരമായ പരിക്കുകളാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.

വടി ഉപയോഗിച്ച് ശരീരത്തിന്റെ പുറംഭാഗം മുഴുവൻ അടിച്ചു പൊളിച്ചതിന്റെ പാടുകളുണ്ട്. ശരീരത്തിൽ ചവിട്ടിയതിന്റെയും നിലത്തിട്ട് വലിച്ചതിന്റെയും വ്യക്തമായ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തലയിൽ രക്തസ്രാവമുണ്ടായതായി പോസ്റ്റുമോർട്ടത്തിന് മുമ്പ് എടുത്ത എക്‌സ്റേ പരിശോധനയും സ്ഥിരീകരിക്കുന്നു. മണിക്കൂറുകൾ നീണ്ട കൊടുംക്രൂര മർദനത്തിനൊടുവിലാണ് അതിഥി തൊഴിലാളിയുടെ ദാരുണ മരണം.
വാളയാർ അട്ടപ്പള്ളത്താണ് സംഭവം നടന്നത്. കള്ളനെന്ന സംശയത്തോടെയാണ് പ്രദേശവാസികൾ സംഘം ചേർന്ന് റാം നാരായണനെ തടഞ്ഞുവെച്ച് മർദിച്ചത്. ആക്രമണത്തിനിടെ “ബംഗ്ലാദേശിയാണോ?” എന്ന ചോദ്യം ഉയർന്നുവെന്നും, ഭാഷയും രൂപവും നോക്കിയാണ് ഇയാളെ സംശയത്തോടെ കണ്ടതെന്നും അന്വേഷണ സംഘം സ്ഥിരീകരിക്കുന്നതായി സൂചനയുണ്ട്.
ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു ആൾക്കൂട്ട ആക്രമണം. അവശനിലയിലായ റാം നാരായണനെ പോലീസ് എത്തി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഇതുവരെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ പേർക്ക് പങ്കുണ്ടെന്ന സംശയത്തിൽ അന്വേഷണം തുടരുകയാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും വാളയാർ പോലീസ് അറിയിച്ചു.
കഞ്ചിക്കോട് കിംഫ്രയിൽ ജോലി തേടിയാണ് ഒരാഴ്ച മുൻപ് ഛത്തീസ്ഗഡിൽ നിന്ന് റാം നാരായണൻ പാലക്കാട് എത്തിയത്. പരിചയമില്ലാത്ത പ്രദേശമായതിനാൽ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തുകയായിരുന്നു. മൂന്ന് വർഷം മുമ്പ് ഭാര്യ ഉപേക്ഷിച്ചുപോയതിനെ തുടർന്ന് മാനസിക പ്രയാസങ്ങൾ ഇയാൾ അനുഭവിച്ചിരുന്നതായും പോലീസ് പറയുന്നു.
“കണ്ടപ്പോൾ കള്ളനെന്ന് തോന്നി” എന്നായിരുന്നു ഇയാളെ മർദിച്ചവരുടെ വിശദീകരണം. എന്നാൽ, പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ ഇത് സംശയത്തിന്റെ പേരിൽ നടന്ന ആൾക്കൂട്ട കൊലപാതകമാണെന്ന നിഗമനത്തിലേക്കാണ് അന്വേഷണം നീങ്ങുന്നത്.

