പിണറായിയില്‍ റീല്‍സ് ചിത്രീകരണത്തിനിടെ സ്‌ഫോടനം; സ്‌ഫോടക വസ്തു കൈയില്‍ പൊട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: പിണറായിയില്‍ നടന്ന സ്‌ഫോടനം റീല്‍സ് ചിത്രീകരണത്തിനിടെയാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സിപിഎം പ്രവര്‍ത്തകനായ വിപിന്‍ രാജിന്റെ കൈയില്‍നിന്ന് സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. സംഭവത്തില്‍ പൊട്ടിയത് പടക്കം മാത്രമാണെന്നായിരുന്നു ആദ്യം പോലീസും സിപിഎമ്മും നല്‍കിയ വിശദീകരണം. എന്നാല്‍ പുറത്തുവന്ന ദൃശ്യങ്ങളില്‍ അനധികൃതമായി നിര്‍മ്മിച്ച സ്‌ഫോടക വസ്തുവാണ് പൊട്ടിയതെന്ന് വ്യക്തമാണ്.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പിണറായി വെണ്ടുട്ടായിലെ കനാല്‍ക്കരയിലുള്ള ആളൊഴിഞ്ഞ പ്രദേശത്താണ് ഉഗ്ര സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ വിപിന്‍ രാജിന്റെ വലത് കൈപ്പത്തിക്ക് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാടന്‍ ബോംബ് പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തി തകര്‍ന്നുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ വിപിന്‍ രാജിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ആശുപത്രിയിലും പോലീസിനോടും നല്‍കിയ മൊഴിയില്‍ ഓലപ്പടക്കം പൊട്ടിക്കുമ്പോഴാണ് അപകടമുണ്ടായതെന്നായിരുന്നു ഇയാളുടെ വിശദീകരണം. മുന്‍പ് കാപ്പ ഉള്‍പ്പെടെ വിപിന്‍ രാജിനെതിരെ നിരവധി കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് വലിയ രാഷ്ട്രീയ വിവാദവും ഉയര്‍ന്നിരുന്നു.
ഇപ്പോള്‍ പുറത്തുവന്ന ദൃശ്യങ്ങള്‍ വിപിന്‍ രാജിന്റെ സുഹൃത്ത് പകര്‍ത്തിയതാണെന്നാണ് വിവരം. റീല്‍സ് ചിത്രീകരണത്തിനിടെ ഗുണ്ട് കത്തിച്ച് എറിഞ്ഞുകളയാന്‍ ശ്രമിക്കുന്നതിനിടെയാണ് അത് കൈയില്‍തന്നെ പൊട്ടിത്തെറിക്കുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. വിപിന്‍ രാജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

