ഗർഭിണിയെ മർദിച്ച കേസിൽ നടപടി വൈകിയതായി പരാതി; എസ്.എച്ച്.ഒക്കെതിരായ പരാതി പരിശോധിക്കാൻ പൊലീസ് മേധാവിക്ക് നിർദേശം

കൊച്ചി: ഗർഭിണിയെ മർദിച്ച സംഭവത്തിൽ മുൻ സർക്കിൾ ഇൻസ്‌പെക്ടർ കെ.ജി. പ്രതാപചന്ദ്രനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാത്തതിൽ നടപടി ആവശ്യപ്പെട്ട് നിലവിലെ സ്റ്റേഷൻ എസ്.എച്ച്.ഒ ജിജിൻ ജോസഫിനെതിരെ നൽകിയ പരാതികൾ പരിശോധിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി.
തൊടുപുഴ സ്വദേശിനിയും ഗർഭിണിയുമായ ഷൈമോളെ പൊലീസ് സ്റ്റേഷനിൽ വെച്ച് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും പ്രതാപചന്ദ്രനെതിരെ കേസ് എടുത്തില്ലെന്നാരോപിച്ചാണ് ഹൈക്കോടതി അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് പരാതി നൽകിയത്. ഈ പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസ് മേധാവിക്ക് കൈമാറുകയായിരുന്നു.
വകുപ്പ് തല നടപടിയുടെ ഭാഗമായി പ്രതാപചന്ദ്രനെ സസ്പെൻഡ് ചെയ്തെങ്കിലും ക്രിമിനൽ നടപടി സ്വീകരിക്കാത്തത് ഗുരുതര കൃത്യവിലോപമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മുഖം നോക്കാതെ നടപടി എന്ന സർക്കാർ നയം പൊലീസ് അട്ടിമറിക്കുകയാണെന്നും ഇതുവഴി നിഷ്‌പക്ഷതയിൽ പൊതുസമൂഹത്തിന് സംശയം ഉണ്ടാകുന്നതായും അഡ്വ. ജയ്സിങ് പറഞ്ഞു.
മർദന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതാപചന്ദ്രനെ സസ്പെൻഡ് ചെയ്തിരുന്നു. ഒരു വർഷത്തെ നിയമ പോരാട്ടത്തിനൊടുവെയാണ് സംഭവവുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നത്.

