വാളയാർ ആൾക്കൂട്ട കൊലപാതകം: നഷ്ടപരിഹാരം ലഭിക്കാതെ മൃതദേഹം ഏറ്റെടുക്കില്ല; തൃശ്ശൂർ മെഡിക്കൽ കോളേജിൽ വൈകാരിക രംഗങ്ങൾ


തൃശൂർ: വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ ഛത്തീസ്ഗഢ് സ്വദേശി രാംനാരായണിന്റെ കുടുംബത്തിന് ന്യായമായ നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ. തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിൽ രാംനാരായണിന്റെ ഭാര്യയും കുഞ്ഞുങ്ങളും പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ കണ്ടുനിന്നവർക്ക് നോവായി മാറി. അരവയർ നിറയ്ക്കാൻ കേരളത്തിലേക്ക് വണ്ടി കയറിയ ഭർത്താവ് തണുത്തുറഞ്ഞ സ്റ്റീൽ ടേബിളിൽ ചേതനയറ്റു കിടക്കുന്ന കാഴ്ച ലളിതയ്ക്കും മക്കൾക്കും താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. മുട്ടുകാൽ വരെ എത്തുന്ന ഒരു തുണി മൃതശരീരത്തിൽ പുതപ്പിച്ചിരുന്നെങ്കിലും, പുറത്ത് കണ്ട പെരുവിരലിൽ വരെ അടിയേറ്റ് രക്തം കല്ലിച്ച പാടുകൾ വ്യക്തമായിരുന്നു.
കള്ളനെന്ന് ആരോപിച്ച് മണിക്കൂറുകളോളം തടഞ്ഞുവെച്ചാണ് പ്രതികൾ രാംനാരായണിനെ വിചാരണ ചെയ്തത്. ‘നീ ബംഗ്ലാദേശിയാണോ?’ എന്ന് മുറിഹിന്ദിയിൽ ചോദിച്ച് സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. ആക്രമണത്തെ തുടർന്ന് ഒന്നര മണിക്കൂറോളം റോഡിൽ രക്തം വാർന്നു കിടന്ന രാംനാരായണനെ പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ചെറിയ മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്ന ഇദ്ദേഹത്തെ അട്ടപ്പള്ളത്തെ തൊഴിലുറപ്പ് വനിതകളാണ് ആദ്യം കാണുന്നത്. ഇവർ വിവരം അറിയിച്ചതനുസരിച്ച് എത്തിയ പ്രദേശവാസികളായ ബിജെപി-ആർഎസ്എസ് പ്രവർത്തകർ ചേർന്ന് യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
സംഭവത്തിൽ പ്രതികളായ സംഘപരിവാർ ക്രിമിനലുകളെ സർക്കാർ

സംരക്ഷിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ. സിയാദ് പറഞ്ഞു. ആൾക്കൂട്ട കൊലപാതകത്തിൽ സുപ്രീം കോടതി നിർദ്ദേശപ്രകാരമുള്ള അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ ചുമത്തിയിരിക്കുന്ന ബിഎൻഎസ് 103(1) വകുപ്പിന് പകരം, അഞ്ചോ അതിലധികമോ പേർ ചേർന്ന് നടത്തുന്ന കൊലപാതകത്തിന് ബാധകമായ ബിഎൻഎസ് 103(2) വകുപ്പ് ചുമത്തണം. സംഘപരിവാർ സ്വാധീനമുള്ള ഉദ്യോഗസ്ഥർ വഴി അന്വേഷണം അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും എസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു. രാംനാരായണിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ കേരളം പ്രത്യേക നിയമനിർമ്മാണം നടത്തണമെന്നും പി.ആർ. സിയാദ് ആവശ്യപ്പെട്ടു. മരിച്ച രാംനാരായണിന് നീതി ലഭിക്കണമെന്നും പ്രതികൾക്കെതിരെ ശക്തമായ നടപടി വേണമെന്നുമാണ് കുടുംബത്തിന്റെ ഏക ആവശ്യം.



