പാലക്കാട് നഗരസഭയിൽ ബിജെപി മൂന്നാമതും അധികാരം പിടിച്ചത് ഇടത്–വലതു മുന്നണികളുടെ കാപട്യത്തിന്റെ ഫലം; എസ്.ഡി.പി.ഐ

പാലക്കാട് :പാലക്കാട് നഗരസഭയിൽ ബിജെപി മൂന്നാമതും അധികാരം പിടിച്ചത് ഇടത്–വലതു മുന്നണികളുടെ കാപട്യത്തിന്റെ ഫലമാണെന്ന് എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ കമ്മറ്റിയംഗം മുഹമ്മദ് ഇല്യാസ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ പത്ത് വർഷമായി പാലക്കാട് നഗരസഭ ഭരിച്ചുവരുന്ന ബിജെപി, കേവല ഭൂരിപക്ഷം പോലും ഇല്ലാതെയാണ് വീണ്ടും അധികാരം ഉറപ്പിച്ചിരിക്കുന്നത്. 53 അംഗ നഗരസഭയിൽ വെറും 25 സീറ്റുകൾ മാത്രമാണ് ബിജെപിക്ക് ലഭിച്ചിട്ടുള്ളത്. എന്നിട്ടും മൂന്നാമതും ബിജെപി നഗരസഭയിൽ അധികാരം ഉറപ്പിച്ചതിന് പിന്നിൽ ഇടത്–വലതു മുന്നണികളുടെ തുറന്ന രാഷ്ട്രീയ കാപട്യമാണ് ഉള്ളതെന്ന് അദ്ദേഹം ആരോപിച്ചു.
കേവല ഭൂരിപക്ഷം നേടാൻ ആവശ്യമായ സീറ്റുകൾ ബിജെപിക്ക് ഇല്ലാതിരുന്നിട്ടും, ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയെ നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് പ്രഖ്യാപിക്കാൻ ഇടത്–വലതു മുന്നണികൾ തയ്യാറായിരുന്നെങ്കിൽ ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റാൻ പൂർണമായും സാധിക്കുമായിരുന്നുവെന്ന് മുഹമ്മദ് ഇല്യാസ് പറഞ്ഞു. എന്നാൽ അത്തരമൊരു നീക്കം പോലും നടത്താതെ, പരോക്ഷമായി ബിജെപിയെ സഹായിക്കുന്ന നിലപാടാണ് ഇരുമുന്നണികളും സ്വീകരിച്ചത്.
ഫാസിസത്തിനെതിരെ വാക്കുകളിൽ കടുത്ത വിമർശനം ഉയർത്തുന്ന ഇടത്–വലതു മുന്നണികൾ, പ്രായോഗിക രാഷ്ട്രീയത്തിൽ ഫാസിസ്റ്റ് ശക്തികൾക്ക് അധികാരത്തിൽ തുടരാൻ വഴിയൊരുക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാലക്കാട് നഗരസഭയിൽ ബിജെപി തുടർച്ചയായി അധികാരത്തിൽ തുടരുന്നത് യാദൃശ്ചികമല്ല; മറിച്ച് ഇടത്–വലതു മുന്നണികളുടെ രാഷ്ട്രീയ സൗകര്യവാദത്തിന്റെ പ്രതിഫലനമാണെന്ന് വ്യക്തമാണ്.
മൂന്നാമതും ബിജെപി അധികാരം പിടിച്ചതിലൂടെ, പാലക്കാട് നഗരസഭയിൽ യഥാർത്ഥ ഫാസിസ്റ്റ് വിരുദ്ധ ശക്തികൾ ആരാണെന്നും, ഫാസിസത്തിന് പരോക്ഷ സഹായം നൽകുന്നവർ ആരാണെന്നും ജനങ്ങൾ തിരിച്ചറിയണമെന്നും മുഹമ്മദ് ഇല്യാസ് പറഞ്ഞു.

