ഓപ്പറേഷൻ “ബാർ കോഡ്”: സംസ്ഥാനത്ത് വിജിലൻസിന്റെ മിന്നൽ പരിശോധന

തിരുവനന്തപുരം:
സംസ്ഥാനത്തെ ചില ബാർ ഹോട്ടലുകളിൽ “സെക്കന്റ്സ്” എന്ന പേരിൽ അനധികൃത/വ്യാജ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഓപ്പറേഷൻ “ബാർ കോഡ്” എന്ന പേരിൽ വിജിലൻസ് സംസ്ഥാനതല മിന്നൽ പരിശോധന ആരംഭിച്ചു. ഇന്ന് രാവിലെ 10 മണി മുതൽ 66 ബാർ ഹോട്ടലുകളിലും ബന്ധപ്പെട്ട എക്സൈസ് സർക്കിൾ ഓഫീസുകളിലുമാണ് പരിശോധന.
അനധികൃത മദ്യവിൽപ്പനയ്‌ക്കെതിരെ നടപടി ഒഴിവാക്കാൻ ചില എക്സൈസ് ഉദ്യോഗസ്ഥർ ബാർ ഉടമകളിൽ നിന്ന് മാസപ്പടിയായി കൈക്കൂലി സ്വീകരിക്കുന്നതായും, അന്യസംസ്ഥാനങ്ങളിൽ നിന്ന് മദ്യം കടത്തിക്കൊണ്ട് വന്ന് ബാറുകളിലൂടെ വിൽപ്പന നടത്തുന്നതായും വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്. പുതുവത്സര സീസണിൽ അമിത ലാഭത്തിനായി അബ്കാരി നിയമങ്ങളും ലൈസൻസ് വ്യവസ്ഥകളും ലംഘിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം നിർദ്ദേശപ്രകാരമാണ് പരിശോധന. അഴിമതി സംബന്ധിച്ച വിവരങ്ങൾ 1064, 8592900900, 9447789100 നമ്പറുകളിൽ അറിയിക്കണമെന്ന് വിജിലൻസ് അറിയിച്ചു.

