മാരക ലഹരിയുമായി ഇരുപതുകാരിയും സുഹൃത്തും അറസ്റ്റിൽ

പാലക്കാട്: പാലക്കാട് നഗരമധ്യത്തിലെ കോട്ടമൈതാനത്ത് നടത്തിയ പോലീസ് പരിശോധനയിൽ മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി യുവതിയും യുവാവും പിടിയിലായി. പൂക്കോട്ടുകാവ്, കടമ്പൂർ സ്വദേശികളായ പൂത്തൻപുര വീട്ടിൽ അമൽ (23), വെള്ളിളത്തോടി വീട്ടിൽ അനഘ (20) എന്നിവരെയാണ് പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച ടൗൺ സൗത്ത് സബ് ഇൻസ്പെക്ടർ ഹേമലതയുടെ നേതൃത്വത്തിൽ നടത്തിയ വാഹന–വ്യക്തി പരിശോധനയ്ക്കിടെയാണ് ഇരുവരും സംശയകരമായ സാഹചര്യത്തിൽ പിടിയിലായത്. തുടർന്നുള്ള പരിശോധനയിൽ ഇവരിൽ നിന്നായി 14.310 ഗ്രാം മെത്താഫിറ്റമിൻ പോലീസ് കണ്ടെടുത്തു.
അറസ്റ്റിലായ ഇരുവർക്കുമെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും, ലഹരി വസ്തുക്കളുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.

