കണ്ണൂർ സെൻട്രൽ ജയിലിൽ ലഹരി കടത്തൽ വീണ്ടും; തടവുകാർ ഉപയോഗിക്കുന്ന സംഘടിത നെറ്റ്‌വർക്ക് പുറത്തേക്ക്

കണ്ണൂർ:
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടിയ സംഭവത്തിന് പിന്നാലെ, ജയിലിനകത്തെ ലഹരി കടത്തൽ ശൃംഖലയുടെ ഗൗരവകരമായ വിവരങ്ങളാണ് പുറത്തുവരുന്നത്. ജയിലിലെ ആശുപത്രി ബ്ലോക്കിന്റെ ശുചിമുറിക്ക് സമീപം നിന്നാണ് രണ്ട് കുപ്പി മദ്യവും ‘ഹൻസ്’ ഉൾപ്പെടെയുള്ള പുകയില ഉത്പന്നങ്ങളും കണ്ടെത്തിയത്. പുറത്ത് നിന്ന് സഞ്ചിയിലാക്കി മതിൽ വഴിയായി എറിഞ്ഞതാകാമെന്നാണ് പ്രാഥമിക നിഗമനം. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം, എൻഡിപിഎസ് കേസുകളിലുൾപ്പെടെ ശിക്ഷ അനുഭവിക്കുന്ന തടവുകാർക്കും റിമാൻഡ് തടവുകാർക്കും ജയിലിനകത്ത് ലഹരി ലഭിക്കുന്നതിന് സംഘടിതമായ രീതികൾ നിലവിലുണ്ടെന്ന ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. കോടതികളിലേക്കും ആശുപത്രികളിലേക്കും കൊണ്ടുപോകുന്ന സമയങ്ങളാണ് ലഹരി കടത്തലിന് പ്രധാനമായും ഉപയോഗിക്കുന്നത്. ബീഡി, കഞ്ചാവ്, എംഡിഎംഎ, ഹാഷിഷ് ഓയിൽ തുടങ്ങിയവ ചെറു പൊതികളാക്കി മലദ്വാരത്തിലൂടെ ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് ജയിലിനകത്തേക്ക് എത്തിക്കുന്നതെന്നാണ് ആരോപണം.
ജയിലിനകത്ത് ലഹരിക്ക് നിശ്ചിത നിരക്കുകളും നിലവിലുണ്ടെന്നാണ് വിവരം. സാധാരണ ബീഡികൾ 20 രൂപ നിരക്കിലാണ് വിൽപ്പനയെന്നും, ഹാഷിഷ് ഓയിൽ മൂന്ന് മില്ലിഗ്രാമിന് 3000 രൂപ വരെ വിലയുണ്ടെന്നും പറയുന്നു. ഒന്നിച്ച് വാങ്ങുമ്പോൾ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നുവെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇത്തരത്തിലുള്ള ലഹരി കടത്തൽ എക്സ്-റേ പരിശോധനയിലൂടെ മാത്രമേ കണ്ടെത്താനാകൂ, എന്നാൽ അത്തരം പരിശോധനകൾക്ക് ജയിൽ വകുപ്പ് തയ്യാറാകുന്നില്ലെന്ന വിമർശനവും ശക്തമാണ്. കൂടാതെ, ജയിൽ കോമ്പൗണ്ട് മതിൽ വഴിയും ചെറിയ പൊതികളാക്കി ലഹരി വസ്തുക്കൾ അകത്തേക്ക് എത്തിക്കുന്നതും പതിവായ രീതിയാണെന്ന ആരോപണവും നിലനിൽക്കുന്നു.
ഇതോടൊപ്പം, ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ചില ജയിൽ ജീവനക്കാർ ബീഡി ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ തടവുകാർക്ക് എത്തിക്കുന്നുവെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. ഇതെല്ലാം ജയിൽ ഭരണകൂടത്തിന്റെ ഗുരുതര വീഴ്ചകളിലേക്ക് വിരൽചൂണ്ടുന്നതാണ്.
ഇതിന് മുൻപും കണ്ണൂർ സെൻട്രൽ ജയിലിൽ സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഞ്ചാം ബ്ലോക്കിന്റെ പിൻവശത്തെ കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയതും, ജയിൽ ആശുപത്രിയുടെ മതിലിന് പിന്നിലെ ശുചിമുറിക്ക് സമീപം മൂന്ന് കുപ്പി മദ്യവും സിഗരറ്റ് പാക്കറ്റുകളും പിടികൂടിയതും ഉദാഹരണങ്ങളാണ്. തുടർച്ചയായ ഇത്തരം സംഭവങ്ങൾ ജയിലിനകത്തെ സുരക്ഷാ സംവിധാനങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന ആരോപണം ശക്തമാക്കുന്നു.

