ആർടിഐയെ ദുർബലപ്പെടുത്തുന്ന സമീപനം; സാമ്പത്തിക സർവേയ്‌ക്കെതിരെ പി സന്തോഷ് കുമാർ എംപി പ്രധാനമന്ത്രിക്ക് കത്ത്

ന്യൂഡൽഹി:
സാമ്പത്തിക സർവേ 2025–26ൽ വിവരാവകാശ നിയമത്തെ (RTI Act, 2005) കുറിച്ച് നടത്തിയ പരാമർശങ്ങൾക്കെതിരെ സിപിഐ രാജ്യസഭാംഗം പി സന്തോഷ് കുമാർ എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പൗരന്മാരുടെ അറിയാനുള്ള അവകാശത്തെയും ഭരണഘടനാപരമായ ഉത്തരവാദിത്വത്തെയും ദുർബലപ്പെടുത്തുന്ന സമീപനമാണ് സാമ്പത്തിക സർവേ സ്വീകരിച്ചിരിക്കുന്നതെന്ന് എംപി കത്തിൽ ചൂണ്ടിക്കാട്ടി.
യുപിഎ ഒന്നാം സർക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ ശക്തമായ പിന്തുണയോടെ നിലവിൽ വന്ന ആർടിഐ നിയമം, ഭരണകൂട സുതാര്യതയും ജനാധിപത്യ ഉത്തരവാദിത്വവും ഉറപ്പാക്കിയ ചരിത്രപരമായ നടപടിയാണെന്ന് പി സന്തോഷ് കുമാർ വ്യക്തമാക്കി. അഴിമതി തടയാനും ഭരണകൂടത്തെ പൊതുജന പരിശോധനയ്ക്ക് വിധേയമാക്കാനും സാധാരണ പൗരന് ലഭിച്ച ശക്തമായ ആയുധമാണ് ആർടിഐ. അതിനെ ദുർബലപ്പെടുത്താനുള്ള ഏതൊരു നീക്കവും ഭരണഘടനാ മൂല്യങ്ങൾക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഭരണനിർവഹണത്തിന് സുതാര്യത തടസ്സമാണെന്ന തരത്തിലുള്ള തെറ്റായ ധാരണയാണ് സാമ്പത്തിക സർവേ മുന്നോട്ടുവെക്കുന്നതെന്നും, യഥാർത്ഥത്തിൽ ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നത് തുറന്ന നിലപാടുകളല്ല, മറിച്ച് രഹസ്യനടപടികളും ഉത്തരവാദിത്വമില്ലാത്ത അധികാര വിനിയോഗവുമാണെന്നും എംപി കത്തിൽ പറഞ്ഞു. ആഭ്യന്തര ആലോചനകൾ സംരക്ഷിക്കണമെന്ന പേരിൽ ആർടിഐ നിയമം “പുനപരിശോധിക്കണം” എന്ന നിർദേശം അഴിമതിക്ക് മറവിയാകാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്ന ആശങ്കയും അദ്ദേഹം രേഖപ്പെടുത്തി.
കഴിഞ്ഞ ഒരു ദശകത്തിനിടെ ആർടിഐ സംവിധാനത്തെ ക്രമാതീതമായി ദുർബലപ്പെടുത്തിയതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു. 2019ലെ ഭേദഗതികൾ വഴി വിവരാവകാശ കമ്മീഷനുകളുടെ സ്വതന്ത്രത തകർക്കുകയും, കമ്മീഷണർമാരുടെ കാലാവധിയും സേവന വ്യവസ്ഥകളും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാക്കുകയും ചെയ്തുവെന്ന് എംപി ആരോപിച്ചു. അതോടൊപ്പം, ആർടിഐ പ്രവർത്തകരും പത്രപ്രവർത്തകരും ഭീഷണികളും പീഡനങ്ങളും നേരിടുന്നുണ്ടെങ്കിലും അവരെ സംരക്ഷിക്കാൻ ഫലപ്രദമായ നിയമ സംവിധാനങ്ങൾ നിലവിലില്ലെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം പശ്ചാത്തലത്തിൽ സാമ്പത്തിക സർവേയിൽ ആർടിഐയെക്കുറിച്ച് സ്വീകരിച്ചിരിക്കുന്ന നിലപാട് അക്കാദമിക പരിധി കടന്ന് ഗുരുതരമായ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് പി സന്തോഷ് കുമാർ എംപി വ്യക്തമാക്കി. ആർടിഐ നിയമത്തെ കൂടുതൽ ദുർബലപ്പെടുത്തുന്ന ഏതൊരു നടപടിയും ജനാധിപത്യ ഉത്തരവാദിത്വത്തിനും ജനവിശ്വാസത്തിനും വലിയ ആഘാതമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സാമ്പത്തിക സർവേയിൽ ആർടിഐയെ സംബന്ധിച്ചുള്ള വിവാദ പരാമർശങ്ങൾ പിൻവലിക്കണമെന്നും, സുതാര്യതയോടും ഉത്തരവാദിത്വത്തോടും പൗരന്മാരുടെ അറിയാനുള്ള അവകാശത്തോടുമുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധത വ്യക്തമായും സംശയരഹിതമായും പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് എംപി പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരിക്കുന്നത്.

